ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും. നാലാം ലോക കേരള സഭ അവസാനിച്ചപ്പോൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് സമ്മേളനത്തിൽ ഉയർന്നുവന്നിട്ടുള്ളതെന്നും എല്ലാ നിർദ്ദേശങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ വലിയ തോതിൽ ശക്തിപ്പെടുത്തണം.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടുന്നുണ്ട്. സമഗ്ര സഹകരണത്തിനുള്ള കരാറുകളിൽ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകൾ ഒപ്പുവയ്ക്കേണ്ടതുണ്ട്. ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം വാർധക്യം ചിലവഴിക്കാൻ കേരളത്തിൽ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉൾക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നതിനുള്ള നിർദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള താത്പര്യവും പ്രതിനിധികൾ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എമിഗ്രേഷൻ ആക്ട് 2021 സംബന്ധിച്ച് നേരത്തെ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദഗ്ധരും കേരളീയ പ്രവാസത്തിന്റെ അനുഭവ പശ്ചാത്തലത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഈ ലോക കേരളസഭയിൽ സംഘടിപ്പിച്ച ചർച്ചയുടെ അടിസ്ഥാനത്തിൽ ആശയങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കേന്ദ്രസർക്കാരിന് കൈമാറും. പ്രധാന കുടിയേറ്റ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചേർന്ന് പ്രവാസിക്ഷേമത്തിന് ആവശ്യമായ നിയമനിർമ്മാണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് പരിഗണിക്കും.

ലോകമെങ്ങുമുള്ള പ്രവാസികൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവെക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനുമാണ് ലോക കേരളം പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. പോർട്ടലിന്റെ പ്രവർത്തനങ്ങളിൽ പരമാവധി മലയാളികളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനും ആശയങ്ങൾ കൈമാറാനും പ്രവാസികൾ പ്രേരിപ്പിക്കണം. കേരളത്തിൽ രൂപപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം നൽകുന്നതിന് പ്രവാസികളായ ഏഞ്ചൽ ഇൻവെസ്റ്റേഴ്സിന്റെ ഏജൻസികൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തർദേശീയ അംഗീകാരം നേടുന്ന സന്ദർഭമാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും.

പ്രവാസികളുടെ സംരഭകത്വ പ്രോത്സാഹനത്തിന് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ നോർക്കാ റൂട്സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജൻസികളുമായി ചേർന്ന് നടപ്പിലാക്കിവരുന്നു. കുടുംബശ്രീ മുഖേന 5,834 സംരംഭങ്ങൾ ആരംഭിച്ചു. കെ.എസ്.എഫ്.ഇ മുഖേന 403 സംരംഭങ്ങളും കെ.എസ്.ഐ.ഡി.സി മുഖേന 4 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ 8,000 ൽ അധികം സ്വയംതൊഴിൽ സംരംഭങ്ങൾ നടന്നുവരുന്നു. സംരംഭക തത്പരരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് അവരുമായി ആശയവിനിമയം നടത്തുന്നതിന് നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ഈ സെന്ററിന്റെ ഭാഗമായി ആറായിരത്തോളം സംരംഭങ്ങൾ ആരംഭിച്ചു. ഗുണഭോക്താക്കൾക്ക് 100 കോടിയിലധികം രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചിട്ടുണ്ട്.

കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുൻഗണനാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് മികച്ച ഇൻസെന്റീവുകൾ നൽകാനും ലക്ഷ്യമിടുന്നു. 50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കിൽ കെസ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്താൽ 3 വർഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താൻ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കിൽ എല്ലാ രേഖകളോടും കൂടി അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാൻ നിഷ്‌കർഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസ്സാക്കിയിട്ടുണ്ട്.

നൂറു കോടിയിലധികം മുതൽ മുടക്കുള്ള പ്രോജക്ടുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ‘മീറ്റ് ദ മിനിസ്റ്റർ’ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപകർക്ക് തങ്ങളുടെ പദ്ധതികൾ മന്ത്രിക്കു മുന്നിൽ അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികൾ നാട്ടിൽ ഉള്ളപ്പോൾത്തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാൻ ഉതകുന്നവിധം ടോക്കണിംഗ് ടൈംലൈനിംഗും നടപ്പാക്കും.

ക്യാമ്പസുകളോട് ചേർന്ന് വിദ്യാർഥികൾക്ക് പാർട്ട്ടൈം ജോലി ചെയ്യാൻ കഴിയുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് സർക്കാർ അനുമതി നൽകി. പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയിൽ കയറ്റുമതിനയം, ലോജിസ്റ്റിക് പോളിസി, ഗ്രഫീൻ പോളിസി, ഇ എസ്ജി പോളിസി, ഹൈടെക് മാനുഫാക്ച്ചറിങ് പോളിസി എന്നിവയും വ്യവസായ പാർക്കുകളുടെ പുതുക്കിയ ലാൻഡ് അലോട്ട്മെന്റ് പോളിസിയും രണ്ട് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെടും. ജനുവരിയിൽ ആഗോള നിക്ഷേപസംഗമം സംഘടിപ്പിക്കും.

ലോക കേരളസഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നുപോവാതിരിക്കാൻ നിയമപരിരക്ഷ നൽകാൻ ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യം ചർച്ച ചെയ്യും. കേരളത്തിന്റെ നാടൻ കലകളും ക്ലാസിക് കലാരൂപങ്ങളും ഉൾപ്പെടുത്തി ഏഷ്യാ പെസഫിക് രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വികസനത്തിന് പ്രയോജനപ്രദമാകും. ടൂറിസം വികസനത്തിന് മികച്ച പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. സൂക്ഷ്മതല ആസൂത്രണത്തിലൂടെ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021ൽ 60,487 ഉം 2022ൽ 3,45,549 ഉം2023 ൽ 6,49,057 വിദേശ വിനോദസഞ്ചാരികളും കേരളം സന്ദർശിച്ചു. 2023ൽ 87.83 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷത്തേക്കാൾ രേഖപ്പെടുത്തിയത്.

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പങ്കാളിത്ത ടൂറിസം വികസനത്തിന് സ്ത്രീസൗഹൃദ ടൂറിസം പ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 140 എക്സ്പീരീൻഷ്യൽ ടൂർ പാക്കേജുകൾ നടപ്പിലാക്കി. മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഹോം സ്റ്റേകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. പൈതൃക ടൂറിസം പ്രോത്സാഹനത്തിനും വികസനത്തിനും വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു.

പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളിൽ ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്റെ അഭാവം പ്രവാസികൾക്ക് വെല്ലുവിളി ഉയർത്താറുണ്ട്. വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളിൽ പ്രിന്റ്, ഓഡിയോ വിഷ്വൽ മാധ്യമങ്ങൾ മുഖേന നോർക്കാ റൂട്സ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. നഴ്സിംഗ് കോളേജുകൾ മുഖേന ജില്ലാതലത്തിൽ പ്രി-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യൻ എംബസി വെബ്സൈറ്റുകളി മാറിവരുന്ന നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ അതതു സമയങ്ങളിൽ നോർക്കാ റൂട്സിന്റെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

തൊഴിൽ, വിസ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോർക്കാ റൂട്സിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് കൂടുതൽ ആളുകളിലേക്കും തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് പരിഗണിക്കും. ലോക കേരളസഭാംഗങ്ങൾ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നൽകണം. വിവിധ വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ വേണമെന്നത് നപ്രവാസികളുടെ ദീർഘകാല ആവശ്യമാണ്. സീസൺ കാലത്ത് വലിയ തോതിൽ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. വിനോദസഞ്ചാരികൾ, ഹജ്ജ് തീർത്ഥാടനത്തിനു പോകുന്നവരിൽ നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങൾ നിരവധി തവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

ഗൾഫിലെ തുറമുഖങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ നോർക്കാ റൂട്സും മാരിടൈം ബോർഡും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികൾക്കുള്ള നിയമസഹായം നൽകിവരുന്നുണ്ട്. ഈ മാതൃകയിൽ യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കൽ പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതൽ ഫലപ്രദമാക്കാൻ വ്യക്തികൾക്കു പകരം ലീഗൽ ഫേമുകളെ ഏർപ്പെടുത്തും.

തിരിച്ചെത്തുന്ന പ്രവാസികളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തിൽ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. വിദേശരാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും സർക്കാർ വളരെ ഗൗരവമായി തന്നെ എടുക്കുന്നു. ഇത്തരം പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.

സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ എഴുത്തുകാർക്കും കലാകാരന്മാർക്കുമായി വിവിധതരം ക്യാമ്പുകൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാർക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാർക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതും പരിഗണിക്കും. പ്രവാസി യുവതയെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജനോത്സവങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് കലാ-സാഹിത്യ അക്കാദമികളും മറ്റുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കണമെന്ന നിർദ്ദേശം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കണം എന്നതാണ് സർക്കാർ നയം.

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓൺലൈൻ സംഗമങ്ങൾ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. 2019 ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികൾക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നൽകിയിട്ടുണ്ട്. 2019 ലെ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതൽ നൽകിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ നഷ്ടമാകുന്നവർക്കും സംരക്ഷണം നൽകാൻ സ്‌കീം വികസിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്. മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും രോഗബാധിതർക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴിൽ നഷ്ടമായി തിരികെ വന്നവർക്ക് വായ്പാ ധനസഹായത്തിനായി എൻ.ഡി.പ്രേം, നോർക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷക്കുള്ള ക്രിട്ടിക്കൽ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്. നോർക്ക ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യവും നിർവ്വഹിക്കപ്പെടും.

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുത നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തിൽ പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തിൽ നടപ്പിലാക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്.

സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതിനാൽ മലയാളം ചെയർ ആരംഭിക്കൽ അതതു സർവകലാശാലകളാണ് തീരുമാനിക്കേണ്ടത്. ഈ ആവശ്യം വിവിധ സർവകലാശാലകളുമായി ചർച്ച ചെയ്യാവുന്നതാണ്. ലോക കേരളസഭയിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കും. തുടർപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ലോക കേരളസഭ പ്രതിനിധികളെ ഉൾപ്പെടുത്തി 15 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

Leave a Reply

spot_img

Related articles

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍...

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...

കാര്‍ പാലത്തില്‍ നിന്ന് വീണ് മരണം:ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും...