മംഗളൂരു: കർണാടകയിലെ 14 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ശേഷിക്കുന്ന 14 മണ്ഡലങ്ങളിൽ അടുത്ത മാസം ഏഴിനാണ് തെരഞ്ഞെടുപ്പ്.
ദക്ഷിണ കന്നട, ഉഡുപ്പി-ചിക്കമഗളൂർ, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.
കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ്, സി.പി.എം പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്രരും ഉൾപ്പെടെ 247 പേരാണ് 14 മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്.
ഇതിൽ 21 പേർ വനിതകളാണ്. 2,88,19,342 വോട്ടർമാർക്കായി 30602 പോളിങ് ബൂത്തുകൾ സജ്ജമായി. കർണാടകയിൽ മൊത്തം 5,47,72,300 വോട്ടർമാരാണുള്ളത്.
ആകെ 58871 പോളിങ് ബൂത്തുകളുള്ളതിൽ 19701ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാവും.