എനിക്ക് സാമ്പത്തിക സ്ഥിരതയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ജയിൽ തിരഞ്ഞെടുക്കില്ലായിരുന്നു , തനിച്ച് ജീവിക്കാൻ ഇന്ന് എനിക്ക് ബുദ്ധിമുട്ടാണ് ‘- മനപ്പൂർവം കുറ്റങ്ങൾ സൃഷ്ട്ടിച്ച് നിരവധി തവണ ജയിലിലേക്ക് പോയ 81കാരിയായ അക്കിയോ എന്ന സ്ത്രീയുടെ വാക്കുകളാണിത്. കൃത്യമായ ഭക്ഷണം,ഒറ്റപ്പെടലിൽ നിന്നുള്ള മോചനം ,സുരക്ഷ എന്നിവ മുന്നിൽ കണ്ട് മാത്രമാണ് അവർ കുറ്റങ്ങൾ ചെയ്തുകൊണ്ടിരുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.തുച്ഛമായ പെൻഷൻ , മകൻ ഉപേക്ഷിച്ചതിന്റെ നിരാശ ,ഒറ്റപ്പെട്ട ജീവിതം ഇവയെല്ലാം കൂടി ആയപ്പോഴാണ് അക്കിയോ തന്റെ 60 ാം വയസ്സിൽ ആദ്യ മോഷണം നടത്തി ജയിലിൽ പോയത്. 2024 ൽ ജയിൽ മോചിതയായപ്പോൾ തന്റെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും, ജയിലിൽ കഴിഞ്ഞ അവരെ മകൻ ഇനി ഒരിക്കലും അംഗീകരിക്കില്ല എന്നും, ഈ അവസ്ഥ ഉണ്ടായതിൽ ലജ്ജതോന്നുന്നുണ്ടെന്നും അക്കിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.ഇത് അക്കിയോയുടെ മാത്രം കഥയല്ല ജപ്പാനിൽ വാർദ്ധക്യത്തിലൂടെ കടന്നുപോകുന്ന എല്ലാ മുതിർന്നവരുടെയും അവസ്ഥയാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ജയിലിൽ കഴിയുന്ന 80 ശതമാനത്തിലധികം മുതിർന്ന വനിതാ തടവുകാരും മോഷണകുറ്റം ചുമത്തപ്പെട്ടവരാണെന്നും , കൂടാതെ 20 വർഷത്തിനിടെ 65 വയസ്സിന് മുകളിലുള്ള സ്ത്രീ തടവുകാരുടെ എണ്ണം ഏകദേശം നാലിരട്ടി വർധിച്ചതായും ജാപ്പനീസ് ഗവൺമെൻ്റിൻ്റെ 2022-ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു.