തന്റെ രണ്ടു പെണ്മക്കളെ പ്രലോഭിപ്പിച്ച് ഇഷ ഫൗണ്ടേഷനില്‍ താമസിപ്പിച്ചിരിക്കുന്നുവെന്ന കോയമ്ബത്തൂർ സ്വദേശി എസ് കാമരാജിന്റെ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം.
നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള കാമരാജിന്റെ രണ്ട് പെണ്മക്കള് ഇഷ ഫൗണ്ടേഷനിലാണ് കഴിയുന്നത്. അവരെ മനം മാറ്റിയതിലൂടെയാണ് പെണ്മക്കള് തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം വാദിച്ചത്. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തില്‍ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് ലൗകിക ജീവിതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എസ് എം സുബ്രമണ്യം, വി ശിവജ്ഞാനം എന്നിവരായിരുന്നു കേസ് പരിഗണിച്ചത്. ഇഷ ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനല്‍ പരാതികളുള്ളതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നു കോടതി പറഞ്ഞു. “ഫൗണ്ടേഷനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളുടെ ഗൗരവതരവും അവിടെ താമസിക്കുന്നവര്‍ സംസാരിച്ച രീതിയും കണക്കിലെടുക്കുമ്ബോള്‍, ആരോപണങ്ങളുടെ പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാൻ കുറച്ചുകൂടി ആലോചനകള്‍ ആവശ്യമാണ്,” കോടതി അഭിപ്രായപ്പെട്ടു.
കാമരാജിന്റെ നാല്പത്തിരണ്ടും മുപ്പത്തിയൊൻപതും വയസുള്ള പെണ്മക്കള് നിലവില്‍ കോയമ്ബത്തൂരിലെ ഇഷാ യോഗാ സെൻ്ററിലാണ് താമസിക്കുന്നത്. അവരെ കാണാനോ ബന്ധപ്പെടാനോ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നാണ് കാമരാജ് ആരോപിക്കുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനില്‍ക്കുന്ന നിരവധി ക്രിമിനല്‍ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയില്‍ ഉയർത്തിയിരുന്നു.
കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ വൻ പോലീസ് സംഘം ഇഷ ഫൗണ്ടേഷൻ്റെ ആശ്രമത്തില്‍ പരിശോധന നടത്തി. എ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 150 പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് തൊണ്ടമുത്തൂരിലെ ആശ്രമത്തില്‍ പരിശോധനയ്ക്ക് എത്തിയത്.