മകരവിളക്കുത്‌സവത്തിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 7 വരെ 5150442 യാത്രകളാണ് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സർവ്വീസുകൾ ദീർഘദൂര സർവീസുകൾ നിലക്കലിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കൽ ബേസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദർശനം നടക്കുന്ന ജനുവരി 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കൽ എത്തിക്കുന്നതിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗജന്യ ബസുകൾ ഏർപ്പെടുത്തും. ജനുവരി 7 വരെ പമ്പ – നിലക്കൽ റൂട്ടിൽ 1,21,109 ചെയിൻ സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
നടതുറന്നശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്.ഈ സീസണിൽ വിവിധ ഡിപ്പോകളിൽ നിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും പമ്പയിലെത്തി സേവനമനുഷ്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി. പമ്പ സ്‌പെഷ്യൽ ഓഫീസറെ കൂടാതെ അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ, മെക്കാനിക്ക്, ഇൻസ്‌പെക്ടർ, സ്റ്റേഷൻമാസ്റ്റർ, മിനിസ്റ്റീരിയൽ വിങ്ങ്, ഗാർഡ് എന്നിങ്ങനെ നിരവധി ജീവനക്കാരുടെ സേവനവും ഈ കാലയളവിൽ ഉണ്ടായി.