മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കടത്തിന് കോടതി പത്ത് വർഷം ശിക്ഷിച്ച പ്രതിക്ക് മറ്റൊരു കേസിൽ വീണ്ടും ജയിൽ ശിക്ഷ.
പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തുംതൊടിക അഹമ്മദ് ആഷിഖിനെയാണ് (26) നിലമ്പൂർ കോടതി ശിക്ഷിച്ചത്.
മയക്കുമരുന്ന് കടത്തിയതിന് 2021 മാർച്ചിൽ ഇയാൾ വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിൽ വഴിക്കടവ് പൊലീസിന്റെ പിടിയിലായിരുന്നു.
അഹമ്മദ് ആഷിഖ് പിടിയിലായ സമയം പൊലീസിനെ ആക്രമിക്കുകയും ചെക്ക് പോസ്റ്റിന് അടുത്തുള്ള ജി.എസ്.ടി വകുപ്പിന്റെ കെട്ടിടത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് പിടികൂടിയതിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
മയക്കുമരുന്ന് കടത്ത് കേസിന് മഞ്ചേരി കോടതി പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു.
ഇതിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇപ്പോൾ നിലമ്പൂർ കോടതിയുടെ വിധി ഉണ്ടായത്.
അഞ്ച് മാസത്തെ തടവും ആയിരം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.