ന്യൂഡൽഹി: ഇപ്പോൾ മാലദ്വീപിന്റെ നീക്കം ഇന്ത്യയ്ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താൻ മാലദ്വീപ് കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്.
ഗാസയിൽ യുദ്ധം തുടരുന്നതിനിടെയാണ് മാലദ്വീപിന്റെ അപ്രതീക്ഷിത നീക്കം.
ഇസ്രയേലി പാസ്‌പോർട്ടുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
ഇസ്രയേൽ പൗരന്മാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.
പിന്നാലെയാണ് ഈ നീക്കം.
എന്നാൽ മാലദ്വീപിന്റെ അപ്രതീക്ഷിത നീക്കം ഗുണകരമായത് ഇന്ത്യയ്ക്കാണ്.
മാലദ്വീപിൽ പ്രവേശനം നിഷേധിച്ചതോടെ തങ്ങളുടെ പൗരന്മാരോട് ഇന്ത്യൻ ബീച്ചുകളിൽ പോയി അവധിക്കാലം അടിച്ചുപൊളിക്കാനാണ് രാജ്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഇസ്രയേൽ എംബസി തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലാണ് ലക്ഷദ്വീപിലേക്കും ഇന്ത്യയിലെ മറ്റ് ബീച്ചുകളിലേക്കും സന്ദർശനം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
‘മാലദ്വീപ് ഇനി ഇസ്രയേലികളെ സ്വാഗതം ചെയ്യുന്നില്ല എന്നതിനാൽ, ഇസ്രായേൽ വിനോദസഞ്ചാരികൾക്ക് മികച്ച സ്വീകരണം നൽകുകയും അത്യധികം ആതിഥ്യമര്യാദയോടെ പെരുമാറുകയും ചെയ്യുന്ന മനോഹരവും അതിശയകരവുമായ ചില ഇന്ത്യൻ ബീച്ചുകൾ പരിചയപ്പെടാം.
ഞങ്ങളുടെ നയതന്ത്രജ്ഞർ സന്ദർശിച്ച സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ശുപാർശകൾ, നിങ്ങൾക്ക് പരിശോധിക്കാം’
– ഇന്ത്യയിലെ ഇസ്രയേൽ എംബസി എക്സിൽ കുറിച്ചു.കേരളം, ഗോവ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചിത്രമാണ് എംബസി എക്സിൽ പങ്കുവച്ചത്.
ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച എക്സ് പോസ്റ്റ് ട്വീറ്റ് വീണ്ടും പങ്കുവച്ചു.
പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യത്തെ പ്രശംസിക്കുന്ന പോസ്റ്റായിരുന്നു അത്.
ഇത് വലിയ വിവാദമായതിനു പിന്നാലെ പോസ്റ്റ് നീക്കിയിരുന്നു. മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകൾക്ക് പിന്നാലെ നിരവധി ഇന്ത്യക്കാർ മാലിദ്വീപ് യാത്ര റദ്ദാക്കിയിരുന്നു.
അവധി ആഘോഷം മാലിദ്വീപിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് വിമാനടിക്കറ്റ് ക്യാൻസൽ ചെയ്തതിന്റെ പകർപ്പ് സഹിതമാണ് പലരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.
ഇന്ത്യക്കാരായ യാത്രക്കാരുടെ കുറവ് മാലദ്വീപ് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
പിന്നാലെ രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് മാലദ്വീപ് രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനിടെ പങ്കുവച്ച ചില ചിത്രങ്ങൾ മാലദ്വീപിനെ പ്രകോപിപ്പിച്ചിരുന്നു.
രാജ്യത്തെ മൂന്നോളം മന്ത്രിമാർ നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയതോടെയാണ് ലക്ഷദ്വീപും ചർച്ചാ വിഷയമായത്.
‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നായിരുന്നു ഒരു മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.