മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി 4 മുതൽ
മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പ.ഏലിയാസ് തൃതീയൻ ബാവായു ടെ 92-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി 4 മുതൽ 10 വരെ മഞ്ഞനിക്കര ദയറയിൽ നടത്തും.
4ന് രാവിലെ 8ന് ഗീവർഗീസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാനയ്ക്കു ശേഷം മഞ്ഞനിക്കര ദയറയിലും യാക്കോ ബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 5.30ന് കബറിടത്തിൽനിന്നു കൊണ്ടുപോകുന്ന പതാക 6ന് ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ഗീവർഗീസ് മാർ അത്തനാസിയോസ് ഉയർത്തും.
5 മുതൽ ദിവസവും രാവിലെ 5നു പ്രഭാത നമസ്കാരവും 7.30നു കുർബാനയും 12.30ന് ഉച്ച നമസ്കാരവും 5ന് സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കും.
5നു രാത്രി 7ന് മാത്യൂസ് മാർ തേവോദോസിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 9ന് 3 മണി മുതൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെയും കാൽനട തീർഥയാത്ര സംഘങ്ങളെയും ഓമല്ലൂർ കുരിശിങ്കലിൽ സ്വീകരിച്ച് കബറിങ്കലേക്ക് വരവേൽക്കും.
വൈകിട്ട് 6നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അധ്യക്ഷത വഹിക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.