മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം നിർവഹിക്കുന്ന മലയാളത്തിലെ വയലൻസ് ചിത്രം മാർക്കോയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ . വയലൻസിന്റെയും ആക്ഷൻ സീനുകളുടെയും പേരിൽ ഇതിനോടകം തന്നെ മാർക്കോ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വലിയ പ്രതീക്ഷകളാണ് സിനിമക്ക് മേലുള്ളത്. ഇപ്പോഴിതാ പ്രശസ്ത സിനിമ വെബ്സൈറ്റ് ആയഐഎംഡിബിയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മാർക്കോ.പട്ടികയില്‍ ആറാം സ്ഥാനത്താണ് മാർക്കോയുള്ളത്. ലിസ്റ്റിൽ മറ്റൊരു മലയാള സിനിമയും ഇടം പിടിച്ചിട്ടില്ല. ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയിലെ ഇന്ററസ്റ്റിലും വലിയ കുതിപ്പാണ് മാർക്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ തന്നെ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ 100K ഇന്ററസ്റ്റിൽ അധികം ലഭിച്ചിട്ടുണ്ട്. ഡിസംബർ 20-ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാർക്കോ. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് തന്നെയാണ്