സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി മാർഗദീപം സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷകൾ മാർച്ച് 15 വൈകിട്ട് 5 മണി വരെ സ്വീകരിക്കും.കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1,500 രൂപയാണ് സ്‌കോളർഷിപ്പ് തുക. കുടുംബ വാർഷികവരുമാനം 2,50,000 രൂപയിൽ കവിയാൻ പാടില്ല. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ പരിഗണിക്കും. വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതും വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്. വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടഫിക്കറ്റ് (40 ശതമാനവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങളിൽ (സ്‌പോർട്‌സ്/ കല/ ശാസ്ത്രം/ ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090, 0471-2300523.