മെയ് 1 സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്.
ലോകമെങ്ങുമുള്ള തൊഴിലാളികള്‍ ഒറ്റക്കെട്ടാകുന്ന ദിവസമാണിത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന തൊഴിലാളിസമരത്തെ ഓര്‍മ്മിപ്പിക്കുന്ന ദിവസം.
ഒരു നല്ല ഭാവിക്കു വേണ്ടി മുന്‍തലമുറയിലെ തൊഴിലാളികള്‍ സംഘടിച്ച ദിവസം.
ഏതെങ്കിലും ഒരു തൊഴിലാളിക്ക് സംഭവിക്കുന്ന നഷ്ടം എല്ലാ തൊഴിലാളികളുടേയും നഷ്ടമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിവസം.
ഇടതടവില്ലാതെ മണിക്കൂറുകള്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ ചൂഷണത്തിനെതിരെ അണിനിരന്ന ചരിത്രമാണ് മെയ്ദിനത്തിനു പറയാനുള്ളത്. മെയ്ദിനമെന്ന് പറഞ്ഞാല്‍ അത് എട്ടുമണിക്കൂര്‍ ജോലിക്കു വേണ്ടിയുള്ള സമരത്തിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ബ്രിട്ടനിലെ സമരം
ഒരു ദിവസം 8 മണിക്കൂര്‍ ജോലി, ഒരാഴ്ച യില്‍ 40 മണിക്കൂര്‍ ജോലി എന്ന ആശയത്തി ന്റെ തുടക്കം ബ്രിട്ടനിലെ വ്യാവസായികവിപ്ലവത്തോടെയായിരുന്നു.
അവിടത്തെ ഫാക്ടറികളില്‍ ജോലിക്കാരെ ഒരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി മണിക്കൂറുകളോളം പണിയെടുപ്പിച്ചിരുന്നു.
ഇത് അവരുടെ ആരോഗ്യത്തേയും ജീവിതത്തേയും പ്രതികൂലമായി ബാധിച്ചു.
കുട്ടികളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നതും വളരെ സാധാരണമായിരുന്നു. ദിവസവും 10 മുതല്‍ 16 മണിക്കൂര്‍ വരെ ജോലിക്കാരെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നു.
1810-ല്‍ റോബര്‍ട്ട് ഓവന് എന്നൊരാള്‍ പത്തുമണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാവൂ എന്നൊരാശയം ഫാക്ടറിഉടമകള്ക്ക് മുന്നില്‍വെച്ചു.
1817-ല്‍ 8 മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ ഉല്ലാസം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉടലെടുത്തു.
1847-ല്‍ ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പത്തു മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നിരുന്നു.
ജോലിസമയം കുറയ്ക്കുക, ജോലിസ്ഥലത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു
തൊഴിലാളിയൂണിയനുകളുടെ ആവശ്യങ്ങള്‍.
ഓസ്ട്രേലിയയിലെ തൊഴിലാളിസമരം
ഓസ്ട്രേലിയയുടെ പല ഭാഗത്തും സ്വര്‍ണഖനി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആളുകള്‍ ജോലി തേടി അവിടെയെത്തി.
ഇവര്‍ അധ്വാനത്തിലൂടെ ചൂഷണത്തിന് വിധേയരാവുകയും ചെയ്തു.
1855 ഓഗസ്റ്റില്‍ മെല്‍ബോണിലെ കല്പ്പണിക്കാരുടെ സംഘടന ആറ് മാസം കഴിഞ്ഞ് എട്ടു മണിക്കൂര്‍ ജോലിയേ ചെയ്യുകയുള്ളുവെന്ന് പ്രഖ്യാപിച്ചു.
അവര്‍ തങ്ങളുടെ ആവശ്യം അംഗീകരിപ്പിച്ചെങ്കിലും ജോലിസമയം കുറയ്ക്കാത്തതുകൊണ്ട് തൊഴിലാളികള്‍ വീണ്ടും സമരം തുടങ്ങി.
പക്ഷെ തൊഴില്‍ദാതാക്കള്‍ ഈ ആവശ്യം പൂര്‍ണമായി നടപ്പാക്കിയത് വേതനം വെട്ടിക്കുറച്ചുകൊണ്ടായിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് സമരം
1791-ല്‍ പത്തുമണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ ഫിലാഡെല്‍ഫിയയിലെ മരപ്പണിക്കാര്‍ സമരം ചെയ്തു.
1830-ഓടെ മിക്ക തൊഴിലാളികളിലേക്കും ഈ ആശയം പകര്‍ന്നു. 1835-ല്‍ ഐറിഷ് കല്‍ക്കരി ജോലിക്കാര്‍ ഒരു പൊതുസമരം നടത്തി.
അവരുടെ ആവശ്യങ്ങള്‍ ഇതൊക്കെയായിരുന്നു : രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെ പത്തു മണിക്കൂര്‍ ജോലി, ഇടയ്ക്ക് രണ്ട് മണിക്കൂര്‍ ഭക്ഷണം കഴിക്കാനുള്ള ഇടവേള.
1836-ല്‍ തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ ജോലിക്കായുള്ള സമരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
1842-ല്‍ ബോസ്റ്റണിലെ കപ്പല്പ്പണിക്കാര് എട്ടു മണിക്കൂര്‍ ജോലി നേടിയെടുത്തു.
1866 ഓഗസ്റ്റില്‍ ബാള്‍ട്ടിമോറില്‍ നടന്ന നാഷണല്‍ ലേബര്‍ യൂണിയന് സമ്മേളനം ഒരു പ്രമേയം അവതരിപ്പിച്ചു.
ഇതിലെ ആവശ്യങ്ങള്‍ ഇവയൊക്കെയായിരുന്നു : “മുതലാളിത്തഅടിമത്തത്തില് നിന്ന് തൊഴിലാളികളെ മോചിപ്പിക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കി കുറയ്ക്കുക.”
മെയ്ദിനവും ഹേ മാര്‍ക്കറ്റും
ഏഴ് നഗരങ്ങളിലെ തൊഴിലാളിയൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും 1886 മെയ് 1-ന് ചിക്കാഗോയില്‍ ഒരു ദേശീയസമരം നടത്താന്‍ തീരുമാനിച്ചു.
ഏപ്രില്‍ 25-നും മെയ് 4-നും ഇടയ്ക്ക് സമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കാനും നിശ്ചയിച്ചു.
മെയ് 1 ശനിയാഴ്ച 35,000 തൊഴിലാളികള്‍ ജോലി നിര്‍ത്തി.
മെയ് 3-നും 4-നും ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവരെ അനുഗമിച്ചു.
ഓരോ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ സമരത്തില്‍ പങ്കുകൊള്ളണമെന്ന് അനുഭാവികള്‍ ആഹ്വാനം ചെയ്തു.
മെയ് 3-ന് ഒരു സ്ഥാപനത്തില്‍ നടന്ന സമരത്തില്‍ പോലീസ് വെടിവെച്ചതിനെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു.
സമരക്കാര്‍ എതിര്‍പ്പ് ശക്തമാക്കി.
അക്രമാസക്തരായ സമരക്കാരെ നേരിടാന്‍ പോലീസുകാര്‍ നിരത്തിലിറങ്ങി.
ആരോ പോലീസിനെതിരെ ബോംബെറിഞ്ഞു.
ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് പോലീസ് വെടിവെയ്പു തുടങ്ങി.
ഹേ മാര്‍ക്കറ്റില്‍ നടന്ന വെടിവെയ്പിനെത്തുടര്‍ന്ന് സമ്മേളനങ്ങളും റാലികളും നടത്താന്‍ പാടില്ലെന്ന് മേയര്‍ ഉത്തരവിട്ടു.
ചിക്കാഗോയിലെങ്ങും വാറന്റില്ലാതെ റെയ്ഡ് നടത്തി. പത്രങ്ങള്‍ പോലീസിനെയായിരുന്നു പിന്താങ്ങിയത്.
ഇത് സമരവീര്യം കുറച്ചു.
പോലീസുകാര്‍ എട്ടുപേരെ പിടികൂടിയാണ് വിചാരണക്കായി കൊണ്ടുവന്നത്.
എന്നാല്‍ ഇതില്‍ മൂന്നു പേര് സംഭവസ്ഥലത്ത് ഇല്ലാത്തവരായിരുന്നു.
പക്ഷെ ജഡ്ജി എട്ടുപേരെയും കുറ്റക്കാരായി വിധിച്ചു.
തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും ചുമത്തി.
ലോകജനതയുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ നാലു പേരെ തൂക്കിലേറ്റി.
ഒരാള്‍ ആത്മഹത്യ ചെയ്തു.
മരിച്ചവരുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തി.
ബാക്കിയുള്ള കുറ്റവാളികളെ 1893-ല്‍ ഗവര്‍ണര്‍ മാപ്പുനല്കി വിട്ടയച്ചു.
തൂക്കിലേറ്റപ്പെട്ടവര്‍ക്കും മാപ്പു നല്‍കുന്നുവെന്ന് പിന്നീട് പ്രഖ്യാപിക്കപ്പെട്ടു.
വിചാരണ കുറ്റമറ്റതായിരുന്നില്ല എന്നതായിരുന്നു കാരണം.
ഈ വിചാരണയെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായി കണക്കാക്കപ്പെടുന്നു.
ഈ സമരത്തിന്റെ ഓര്‍മ്മയ്ക്കായി മെയ് 1 മെയ്ദിനമായി അതായത് തൊഴിലാളിദിനമായി ആചരിക്കുന്നു.
തയ്യാറാക്കിയത് : റ്റി. എസ്. രാജശ്രീ