മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു ഗ്രാം മാരക ലഹരിമരുന്നായ മെഥാംഫെറ്റാമിൻ പിടികൂടി. ഓണാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ കോളേജുകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോളേജ് ഗ്രൗണ്ടിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ, കാറിലുണ്ടായിരുന്ന മൂന്ന് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്ന് പേരെ പ്രതിചേർത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. സർക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് നൗഫൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ എന്നിവരടങ്ങുന്ന സംഘമാണ് ഈ പരിശോധന നടത്തിയത്.

