മുസ്ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവർക്കും അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവർക്കുമെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ സി ടി സുഹൈബ്. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവർ പങ്കെടുക്കുന്ന കൂട്ടായ്മയാണ്. ഇതിനെക്കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതിൽ സിപിഎം നേതാക്കൾക്കും ചില മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇസ്ലാമോഫോബിയ ഉൽപാദിപ്പിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ ആവേശവും താൽപര്യവും ഇക്കൂട്ടർക്കാണ്. ചില മുസ്ലിംമതസംഘടനയുടെ ആളുകൾക്ക് കൂടി ഇതിൽ പങ്കുണ്ടെന്നതും നിഷേധിക്കാനാവില്ല. മുസ്ലിങ്ങളെ സംഘ്പരിവാർ ഭരണകൂടത്തിന്റെ അന്വേഷണ ഏജൻസികൾക്ക് ഒറ്റുകൊടുക്കുന്ന പണിയാണിത്. മുസ്ലിങ്ങളെ കുറിച്ച് ആവോളം ഭീതി നിലനിൽക്കുന്ന സമൂഹത്തിൽ അതു ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുകയാണ് ഇത്തരം പ്രചാരണങ്ങളിലൂടെ ഇവർ ചെയ്യുന്നതെന്നും സുഹൈബ് കുറിച്ചു