മാതൃകാ പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടർ
ഇടുക്കി- മണ്ഡലത്തിൽ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാവുകയും ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്ത സഹാചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാതൃകാ പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാകളക്ടർ . ഹരിതചട്ടം പാലിച്ച് സൗഹൃദ അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാവരും തയ്യാറാവണം. യോഗങ്ങൾ, ജാഥകൾ, മറ്റ് പ്രചാരണ പരിപാടികൾ എന്നിവ സുവിധ പോർട്ടൽ വഴി അനുവാദം വാങ്ങി വേണം നടത്താൻ. മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങൾ സി വിജിൽ ആപ് വഴി ശ്രദ്ധയിൽ പ്പെടുത്താവുന്നതാണ്. പരാതികളുണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ, തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരെ ഫോണിൽ അറിയിക്കാവുന്നതാണെന്നും ജില്ലാകളക്ടർ അറിയിച്ചു.
സുവിധ പോർട്ടലിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കളക്ടറെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസറെ ധരിപ്പിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ എന്നിവ വെയർഹൗസിൽ സജ്ജമായി കഴിഞ്ഞു.നാളെ (ഏപ്രിൽ 11) രാവിലെ 8.30 മുതൽ ഇവ വിവിധ എനിയോജകമണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റും. ആ സമയത്ത് സ്ഥാനാർത്ഥികളുടേയോ സ്ഥാനാർത്ഥി പ്രതിനിധികളുടെയോ സാന്നിധ്യം വെയർഹൗസിലും സ്ട്രോങ്ങ് റൂമുകളിലും ഉണ്ടാകണമെന്നും ജില്ലാകളക്ടർ അഭ്യർത്ഥിച്ചു.
ദേവികുളംമണ്ഡലം — മൂന്നാർ ഗവ. വി എച്ച് എച്ച് എച്ച് എസ് , ഉടുമ്പൻചോല മണ്ഡലം — നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, തൊടുപുഴ മണ്ഡലം — ന്യൂമാൻ കോളേജ്ടു തൊടുപുഴ, ഇടുക്കി മണ്ഡലം — ഏകലവ്യ റസിഡൻഷ്യൽ സ്കൂൾ പൈനാവ്, പീരുമേട് മണ്ഡലം — മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പീരുമേട് എന്നിവിടങ്ങളിലാണ് സ്ട്രോങ്ങ് റൂമുകൾ തയ്യാറാക്കിയിട്ടുള്ളത് .
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ഒരു കോപ്പി വീതം വോട്ടർ പട്ടിക സൗജന്യമായി നൽകും. അല്ലാത്തവർക്ക് വില നൽകി വോട്ടർ പട്ടിക സ്വന്തമാക്കാം. ഇത് ഇ ആർ ഒ മാരിൽ നിന്നും കൈപ്പറ്റണം. ക്രിമിനൽ കേസിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾ ഇക്കാര്യം മൂന്ന് തവണ പത്രങ്ങളിലും ചാനലുകളിലും പ്രസിദ്ധീകരിക്കണം. ഏപ്രിൽ 9 മുതൽ 12 വരെയും 13 മുതൽ 16 വരെയും 17 മുതൽ 24 വരെയുമാണ് പ്രസിദ്ധീകരണ സമയം. പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളും പരാതികളും പൊതു നിരീക്ഷകൻ 7012456663, പോലീസ് നിരീക്ഷക 7012323345, ചെലവ് നിരീക്ഷകൻ 8921190996 എന്നീ നമ്പറുകളിൽ അറിയിക്കാം.
പൊതു നിരീക്ഷകൻ വികാസ് സീതാറാംജി ഭാലെ, പൊലീസ് നിരീക്ഷക ഗൗതമി സാലി, സബ്കളക്ടർമാരായ ഡോ അരുൺ എസ് നായർ,ജയകൃഷ്ണൻ വി എം , ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ ജെ ഒ അരുൺ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.