ഐപിഎല്ലിൽ ജൈത്രയാത്ര തുടർന്ന് മുംബൈ ഇന്ത്യൻസ്. ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകർത്തു. സീസണിലെ മുംബൈ ഇന്ത്യൻസിന്റെ അഞ്ചാം ജയമാണ്. ഹൈദരബാദിന്റെ 144 റൺസ് വിജയലക്ഷ്യം 26 പന്ത് ബാക്കിനിൽക്കെ മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേടിയ രോഹിത് ശർമ(70)യാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. അഞ്ചാം ജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് പത്തു പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.46 പന്തില്‍ നിന്ന് എട്ട് ഫോറുകളുടെയും മൂന്ന് സിക്‌സറുകളും അടങ്ങുന്നതാണ് രോഹിതിന്റെ ഇന്നിങ്സ്. പുറത്താകാതെ 40 റൺസ് എടുത്ത സൂര്യകുമാർ യാദവും മത്സരത്തിൽ തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റേത് മോശം തുടക്കമായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 143 റണ്‍സാണെടുത്തത്. ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദ് സകോറുയര്‍ത്തിയത്. 44 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ട്രന്റ് ബോള്‍ട്ടാണ് മുംബൈക്കായി ബൗളിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് റിയാന്‍ റിക്കെല്‍ട്ടണിന്റെ(11) വിക്കറ്റാണ് ആദ്യം നഷ്ടമായി. പിന്നാലെ എത്തിയ വില്‍ ജാക്ക്‌സ്(22) ടീം സ്‌കോര്‍ 77 ല്‍ നില്‍ക്കേ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറുമൊത്ത് രോഹിത് ടീമിനെ ജയത്തിനരികിലെത്തിച്ചു.