ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന സഹായ ഉപകരണങ്ങള്‍ മന്ത്രി വിതരണം ചെയ്തു
സംസ്ഥാനത്തെ ഓരോ ഭിന്നശേഷി വ്യക്തിക്കും ഇണങ്ങുന്ന പിന്തുണ സംവിധാനം ഉറപ്പാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോഴിക്കോട് ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന സഹായ ഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് ഹാളിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തടസ്സങ്ങളില്ലാത്ത സാമൂഹ്യജീവിതത്തിന് സഹായകരമായ വിധത്തില്‍ ഭിന്നശേഷിക്കാരുടെ ശാരീരികമായ വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായ ഉപകരണങ്ങളും പിന്തുണ സംവിധാനങ്ങളും നല്‍കുന്ന ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് തടസ്സരഹിതമായി കേരളത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കണം. ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സ്വയം സഹായ സംഘങ്ങളുടെ നെറ്റ്വര്‍ക്ക് വികസിപ്പിക്കുക എന്ന പ്രവര്‍ത്തനം അതിന്റെ അവസാനഘട്ടത്തിലാണ്. കുടുംബശ്രീ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ആഭിമുഖ്യത്തിലുള്ള മാതൃക അംഗനവാടികള്‍ പ്രവര്‍ത്തിക്കുന്നത് കോഴിക്കോടാണ്. ഈ അംഗനവാടികള്‍ ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. 16 പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, 45 പേര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ എന്നിവയാണ് നല്‍കിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ഗവാസ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ നിഷ പുത്തന്‍പുരയില്‍, വി പി ജമീല, കെ വി റീന, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ടി ജി അജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം അഞ്ജു മോഹന്‍ നന്ദിയും പറഞ്ഞു.
ഓരോ ഭിന്നശേഷി വ്യക്തിയ്ക്കും ഇണങ്ങുന്ന രീതിയില്‍ പിന്തുണ സംവിധാനം ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
