ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യര്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്.
വര്‍ഗീയ വിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന്‍ മാസം.
താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനു കൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ഓര്‍മ്മപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പീക്കര്‍ എഎന്‍ ഷംസീറും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു.
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ചെറിയ പെരുന്നാള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ എന്നാശംസിക്കുന്നുവെന്ന് ഷംസീര്‍ പറഞ്ഞു.
നോമ്പുതുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന കാഴ്ച, മതത്തിന്റെയും വിഭാഗീയതയുടെയും അതിരുകള്‍ക്കപ്പുറം നിലനില്‍ക്കുന്ന മനോഹരമായ ദൃശ്യമാണ്.
ലോകത്തിന് മുന്നില്‍ ഒരു മാതൃകയായി ഈ കാഴ്ച നിലനില്‍ക്കുന്നു എന്നത് നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.