റോഡു നിര്‍മാണം; ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ‌ശ്രമം, മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രവൃത്തി നടക്കുന്ന റോഡുകളിലും, പ്രവൃത്തി വിവിധ കാരണങ്ങളാൽ തടസപ്പെട്ട റോഡുകളിലും യൂട്ടിലിറ്റി പ്രവൃത്തി നടക്കുന്ന ചില റോഡുകളിലും, കോടതി വ്യവഹാരവും മറ്റുമുള്ള റോഡുകളിലും ചില ബുദ്ധിമുട്ടുകളുണ്ട്. റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 90 ശതമാനം റോഡുകളും പൂര്‍ണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുപറയാനാകും. റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ദേശീയശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലേത്. സംസ്ഥാനത്ത് ആകെ 2.35 ലക്ഷം കിലോമീറ്റര്‍ റോഡാണുള്ളത്. അതില്‍ 29522 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡും 1.96 ലക്ഷം തദ്ദേശവകുപ്പിനു കീഴിലുമാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 24376 കിലോമീറ്റര്‍ റോഡാണുള്ളത്. 4783 കിലോമീറ്റര്‍ പരിപാലന കാലാവധി (ഡിഎല്‍പി)യിലും 19908 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ട് പരിധിയിലുമാണ്. 824 കോടി രൂപയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലനത്തിനു മാത്രമായി ഭരണാനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു. 16850 കിലോമീറ്ററോളം ബിഎംബിസി നിലവാരത്തിൽ പണിതുകഴിഞ്ഞു. അഞ്ചുവർഷംകൊണ്ട് പകുതി റോഡുകൾ ഈ നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുവർഷംകൊണ്ട് ലക്ഷ്യം നേടാനായി. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

നിരത്ത് വിഭാഗത്തിനു കീഴില്‍ 1835 കിലോമീറ്ററും കെആര്‍എഫ്ബിക്കു കീഴില്‍ 1120 കിലോമീറ്ററും കെഎസ്‌ടിപിക്കു കീഴില്‍ 737.74 കിലോമീറ്ററും പ്രവൃത്തി നടന്നുവരികയാണ്. ഇത്തരത്തില്‍ പ്രവൃത്തി പുരോഗമിക്കുന്ന 4095 കിലോമീറ്റര്‍ വരും വര്‍ഷങ്ങളില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ഡ് റോഡുകളായാണ് നിലവാരം ഉയര്‍ത്തുന്നത്. പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ പെരുമ്പിലാവ് – നിലമ്പൂര്‍ റോഡിന്റെ നിര്‍മാണത്തിലെ അപാകതകള്‍ മൂലം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി എടുത്തതിനെ തുടര്‍ന്ന് കരാറുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് വിഷയമെന്ന് മന്ത്രി പറഞ്ഞു.

പണിനടക്കുന്ന ദേശീയപാതയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിട്ടി അധികൃതരുടെ യോഗം വിളിച്ച് നടപടികള്‍ കാര്യക്ഷമവും വേഗത്തിലും ആക്കിയിട്ടുണ്ട്. ഏറെ പരാതികളുയര്‍ന്ന് തൃശൂര്‍- കുറ്റിപ്പുറം റോഡിന്റെ കാര്യത്തിലുള്‍പ്പെടെ കഴിഞ്ഞയാഴ്ച ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് പരിഹാര നടപടികള്‍ വേഗത്തിലാക്കിക്കഴിഞ്ഞു. ഓരോ റോഡിന്റെ കാര്യത്തിലും ഇത്തരത്തില്‍ കാര്യക്ഷമമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.

കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡുകൾ മുറിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിൽ റോഡുകൾ മുറിച്ചശേഷം മറ്റുവകുപ്പുകൾ നടത്തുന്ന പുനഃസ്ഥാപന നടപടികൾ പലപ്പോഴും ഫലവത്താകാറില്ല. ബിഎംബിസി നിലവാരത്തിലുള്ള റോഡുകളിൽ പ്രത്യേകിച്ചും. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ മുറിക്കുന്ന റോഡുകളില്‍ സാധിക്കുന്നവയുടെ പുനഃസ്ഥാപനം പൊതുമരാമത്ത് വകുപ്പ്തന്നെ ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...