മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകും. എ.ടി.വി (All-Terrain Vehicles) അടക്കമുള്ള ആധുനിക വാഹനങ്ങളും സുരക്ഷാ സാമഗ്രികളും ജീവനക്കാർക്ക് ലഭ്യമാക്കി വനംവകുപ്പിനെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ വനപരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചതിന് ശേഷം കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനം നേരിടുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് മലയോര മേഖലകളിലെ ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചും അവരുടെ സഹകരണത്തോടെയുമാണ് ശാശ്വത പരിഹാരം കാണേണ്ടത്. നിയമം നടപ്പിലാക്കുന്ന സാധാരണ സേനകളിൽനിന്ന് വ്യത്യസ്തമായി പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് വനംവകുപ്പിനുള്ളത്. വാളയാർ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക നീക്കിവെക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആറുമാസത്തെ ഫോറസ്ട്രി പരിശീലനവും മൂന്നു മാസത്തെ പോലീസ് അക്കാദമി പരിശീലനവും അടക്കം ഒമ്പത് മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 148 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് പരേഡിൽ അണിനിരന്നത്.വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾക്കു പുറമെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും, സേനയുടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പരിശീലനങ്ങൾ നൽകി. കായികശേഷി വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ, യോഗ, പ്രഥമ ശുശ്രൂഷകൾ, വ്യക്തിത്വ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിലും പരിശീലനം നേടി. 55 പുരുഷന്മാരും 93 സ്ത്രീകളുമാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ എഞ്ചിനീയറിംഗ് ഡിഗ്രി പൂർത്തിയാക്കിയ 9 പേരും, ബിരുദാനന്തര ബിരുദം നേടിയ 42 പേരും, ബിരുദധാരികളായ 72 പേരും, എംഫിൽ നേടിയ ഒരാളും, ബി എ എം എസ് ബിരുദധാരിയായ ഒരാളുമാണ് ഉൾപ്പെടുന്നത്.

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ധനകാര്യം, ബജറ്റ് & ഓഡിറ്റ്) ഡോ. എൽ. ചന്ദ്രശേഖർ അധ്യക്ഷനായി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (എച്ച്.ആർ.ഡി) നരേന്ദ്രനാഥ് വേലൂരി പരിശീലന റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണവിഭാഗം) ഡോ. ജെ. ജസ്റ്റിൻ മോഹൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ പ്രഭാകരൻ എം എൽ എ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (തൃശൂർ സെൻട്രൽ സർക്കിൾ) കെ. വിജയനാന്ദൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (പാലക്കാട് ഈസ്റ്റേൺ സർക്കിൾ & കസ്റ്റോഡിയൻ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്സ്) ഡോ. ആർ. കമലഹാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (എച്ച്.ആർ.ഡി) ദേവിപ്രിയ അജിത്, വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രവി കുമാർ മീണ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ കയ്യാങ്കളി വിവാദത്തിൽ എം.എൽ.എ രമ്യ ഹരിദാസിനെതിരെ പാർട്ടി തലത്തിൽ താക്കീത് നടപടിയുണ്ടായേക്കുമെന്ന് സൂചന. എം.എൽ.എ എന്ന പദവി പരിഗണിച്ചു കൂടുതൽ...