തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളേയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.