‘ദി ഹിന്ദു’ ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ തെറ്റായ പരാമർശങ്ങള്‍ വന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദി ഹിന്ദു’ പത്രാധിപർക്ക് കത്തയച്ചു.
മുഖ്യമന്ത്രിയുടെയോ സർക്കാറിന്റെയോ നിലപാടല്ല അച്ചടിച്ചുവന്നതെന്നും ഒരു സ്ഥലത്തെ കുറിച്ചോ പ്രദേശത്തെ കുറിച്ചോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന പരാമർശത്തില്‍ വ്യക്തത വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവന വൻ വിവാദമായ സാഹചര്യത്തിലാണ് ഓഫീസിന്റെ ഇടപെടല്‍.
2024 സെപ്തംബർ 30 ന് “സിപിഐ(എം) എപ്പോഴും ആർഎസ്‌എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്” എന്ന തലക്കെട്ടില്‍ വന്ന അഭിമുഖത്തിന്റെ ഉള്ളടക്കം, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി വ്യാഖ്യാനിക്കുന്ന പരാമർശങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്ക് ശക്തമായ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു.
പത്രപ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയില്‍, ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയും വിഷയത്തെ ഉടനടി പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് മെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്ന രീതിയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് കൂടുതല്‍ ദുർവ്യാഖ്യാനങ്ങള്‍ തടയാൻ സഹായിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.