തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി.
ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി.
ഇന്നലെ രാത്രിയിലാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി.
കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു.