ലോക്സഭാ തെരെഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താൻ മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയനും ഹാസ്യനടനുമായ ശ്യാം രംഗീല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ശ്യാം രംഗീല താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
ഈ ആഴ്ച തന്നെ വാരണാസിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും രംഗീല വ്യക്തമാക്കി.
നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതിന് സമാനമായ വസ്ത്രം ധരിച്ച്, ജലാന പുള്ളിപ്പുലി സങ്കേതത്തിൽ നീല്‍ഗായ് മൃഗത്തിന് ഭക്ഷണം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ശ്യാമിന് വനം വകുപ്പ് നോട്ടീസ് അയച്ചു. കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അടുത്തിടെ നടന്ന ജംഗിൾ സഫാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിച്ച് മൃഗത്തിന് ഭക്ഷണം നല്‍കുന്ന ഒരു വീഡിയോയാണ് ശ്യാം രംഗീല പുറത്ത് വിട്ടത്.