ന്യൂഡൽഹി: വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകിള്ള.
വാഹന റാലി നയിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറയുന്നതാണിത്.
എക്സിറ്റ് പോളുകൾ കള്ളമാണ്.
താൻ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതിനെ തുടർന്നു ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കേജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങി.
വാഹന റാലി നയിച്ചാണ് അദ്ദേഹം ജയിലിലേക്ക് പോയത്.
നേരത്തെ രാജ്ഘട്ടിൽ സന്ദർശനം നടത്തിയ കേജ്‌രിവാൾ അവിടെ പുഷ്പാർച്ചന നടത്തി.
കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചു.
ഭാര്യ സുനിതയ്ക്കും പ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്.
‘‘അധികാരം ഏകാധിപത്യത്തിലേക്കെത്തുമ്പോൾ ജയിൽവാസം കടമായാകുമെന്ന് ഭഗത് സിങ് പറഞ്ഞിട്ടുണ്ട്.
ഭഗത് സിങ് തൂക്കിലേറിയത് രാജ്യത്തെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയാണ്.
ഇത്തവണ ജയിലിലേക്ക് പോകുമ്പോൾ എന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല.
ഭഗത് സിങ്ങിനെ തൂക്കിലേറ്റി, ഞാനും അതിന് തയാറാണ്.’’
കേജ്‌രിവാൾ പറഞ്ഞു.