ഓണ്‍ലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 6 ലക്ഷം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
പാലക്കാട് കുമരംപുത്തൂർ ചക്കിങ്കല്‍ വീട്ടില്‍ രാജേഷ് കുമാർ (49) ആണ് പിടിയിലായത്.
കോട്ടയം ഗാന്ധി നഗർ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വർക്ക് അറ്റ് ഹോം ജോലി ചെയ്തു പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു പെരുമ്പായിക്കാട് സ്വദേശിയായ യുവാവില്‍ നിന്നും ഇയാള്‍ പണം തട്ടിയത്.
യുവാവിന്റെ വാട്സ്‌ആപ്പിലേക്ക് മെസേജ് അയച്ചിട്ടായിരുന്നു ബന്ധം സ്ഥാപിച്ചത്.
ആദ്യം നല്‍കിയ ജോലികള്‍ക്ക് ചെറിയ പണം ഇയാള്‍ നല്‍കിയിരുന്നു. ഇതോടെ യുവാവിന് വിശ്വാസമായി.
കൂടുതല്‍ തുക ലഭിക്കാൻ പ്രൊസസിങ് ഫീസ് കൂടുതല്‍ അടക്കണമെന്ന് ഇയാള്‍ അറിയിച്ചതിനെ തുടർന്ന് യുവാവ് ആറ് ലക്ഷത്തോളം രൂപ പല തവണയായി പ്രതിക്ക് നല്‍കി.
എന്നാല്‍ പിന്നീട് തട്ടിപ്പാണെന്ന തിരിച്ചറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ പോലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
സൈബർ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
ശാസ്ത്രീയ പരിശോധനയില്‍ യുവാവിന്റെ നഷ്ടമായ പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടില്‍ ചെന്നതായി കണ്ടെത്തുകയായിരുന്നു.