പത്തനംതിട്ട: പണം കൊയ്യുന്ന നിരോധിത പുകയില ഉത്പന്ന വ്യാപാരം കേരളത്തിൽ തഴച്ചു വളരുകയാണ്.
തിരുവല്ല വള്ളംകുളത്ത് പെട്ടിക്കടയില്‍ നിന്ന് പിടികൂടിയത് 2,000 പാക്കറ്റിലധികം നിരോധിത പുകയില ഉത്പന്നങ്ങളാണ്.
വള്ളംകുളം സ്വദേശി സോമന്‍ (70), സോമേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വള്ളംകുളത്തെ ഇവരുടെ പെട്ടിക്കട നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്.
സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ഡാന്‍സാഫും പോലീസും ചേര്‍ന്ന് സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
വര്‍ഷങ്ങളായി ഇവര്‍ ലഹരി വസ്തുക്കള്‍ വിറ്റ് വരുന്നതായി പൊലീസ് പറയുന്നു.
പ്രധാനമായും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഇവ വിറ്റിരുന്നത്.
സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കുമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
തിരുവല്ല വള്ളംകുളത്തെ സോമനും സോമേഷും മാത്രമല്ല കേരളത്തില്‍ ഇത്തരം കച്ചവടം നടത്തി ലാഭം കൊയ്യുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഈ കച്ചവടം പൊടിപൊടിക്കുകയാണ്.
ദിവസേന കേരളത്തിലെ ആകെ കണക്കെടുത്താല്‍ കോടികളുടെ കച്ചവടം തന്നെ നടക്കുന്നുണ്ടെന്നാണ് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഹാന്‍സ്, പാന്‍പരാഗ് പോലുള്ള വസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ് കേരളത്തില്‍ വിലക്കിയത്.
എന്നാല്‍ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഇത്തരം വസ്തുക്കളുടെ വില്‍പ്പന നടക്കുന്നുണ്ട്.
ഒരു പാക്കറ്റ് നിരോധിത പുകയില വില്‍ക്കുമ്പോള്‍ 100 രൂപ വരെയാണ് ലാഭം.
ചെറിയ ലഹരിയല്ലേ എന്ന് കരുതി കാര്യമായ കേസുണ്ടാകില്ലെന്ന തെറ്റിദ്ധാരണയാണ് പിടിക്കപ്പെട്ടാലും വീണ്ടും വില്‍പ്പന നടത്താന്‍ കച്ചവടക്കാരനെ പ്രേരിപ്പിക്കുന്ന ഘടകം.
ലോകത്ത് മറ്റൊരു വസ്തുവിനും കിട്ടാത്ത ലാഭമാണ് നിരോധിത പുകയിലയില്‍ നിന്ന് ലഭിക്കുന്നത്.
പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തുന്നത്.
വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ചുള്ള ഇത്തരം വില്‍പ്പന അവസാനിപ്പിക്കാന്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്‌സൈസും.
നിരോധിത ഉത്പന്നമായതിനാല്‍ തന്നെ പത്തിരട്ടി വരെ അധികം വിലയ്ക്കാണ് കേരളത്തിലെ വില്‍പ്പന.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഒരു പാക്കറ്റിന് 8 രൂപ, പത്ത് രൂപ മുടക്കി വാങ്ങുന്ന സാധനം കേരളത്തിലെത്തുമ്പോള്‍ വില്‍പ്പന 100-150 രൂപയ്ക്ക് വരെയാണ്.
പൊലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടാലും ചെറിയ തുക പിഴയടച്ച് രക്ഷപ്പെടുന്നവര്‍ വീണ്ടും കച്ചവടം നടത്തുമെന്നതാണ് യാഥാര്‍ത്ഥ്യം.