ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മീറ്റർ ചുറ്റളവിൽ മരം പടർന്നുനിൽക്കുന്നു. പഴക്കം മാത്രമല്ല ഇതിന്റെ പെരുമ. ലോകത്തിലെ ഏറ്റവും സുന്ദരമായ വൃക്ഷം എന്ന പ്രശസ്തിയും ഇതിനുണ്ട്. ടൂറിസ്റ്റുകളായി ദക്ഷിണകൊറിയയിൽ എത്തുന്നവരിൽ ഏറെയും ഈ മരം കൂടി കണ്ടിട്ടാണു മടങ്ങുക. രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച മരമെന്ന ഖ്യാതിയും ഇതിനു സ്വന്തം.
ജിൻകോ എന്നാണ് ഈ മരത്തിന്റെ പേര്. രാജ്യത്തിനകത്തും പുറത്തും ജിൻകോ മരങ്ങൾ ധാരാളമുണ്ടെങ്കിലും ഈ മരം പ്രായംകൊണ്ടും ഭംഗികൊണ്ടും വേറിട്ടുനിൽക്കുന്നു. വർഷത്തിലൊരിക്കൽ ഇതിന്റെ ഇലകൾ മുഴുവൻ മഞ്ഞനിറമാകും. വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്തവിധം മനോഹരമാണത്രെ അപ്പോഴത്തെ കാഴ്ച. ദക്ഷിണകൊറിയയിലെ ദേശീയ സ്മാരകങ്ങളിൽ ഒന്നായും ഈ മരത്തെ കണക്കാക്കുന്നു.