ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന മാതാവ് ഭിന്നശേഷി ദിനത്തില്‍ അറസ്‌റ്റിലായി. ചെങ്ങന്നൂര്‍ ചെറിയനാട് മാമ്ബ്ര ഇടമുറി കിഴക്കതില്‍ രഞ്‌ജിത (27)യെയാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ രണ്ടു വയസ്സു മാത്രം പ്രായമുള്ള മകളെ കഴിഞ്ഞ 13നാണ് രഞ്‌ജിത ഉപേക്ഷിച്ച് പോയത്. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്‌ജിത രണ്ടുവര്‍ഷം മുന്‍പ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.
അതില്‍ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു. ഇരട്ടകളില്‍ ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗങ്ങള്‍ കാരണംചികിത്സയിലായിരുന്നു. ഭര്‍ത്താവ് വിദേശത്ത് ആയതിനാല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ് രഞ്‌ജിത താമസിച്ചിരുന്നത്.കുഞ്ഞിനെ കഴിഞ്ഞ 13ന് രാത്രി ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് ഇവര്‍ പോവുകയായിരുന്നു. മുലപ്പാല്‍ മാത്രം ഭക്ഷണമായി നല്‍കിയിരുന്നതിനാല്‍ കുഞ്ഞിനെ ഭര്‍ത്താവിന്റെ മാതാവും പിതാവുമാണ് സംരക്ഷിച്ചത്. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലും മറ്റും ചികിത്സയും നല്‍കി. ഇതിനിടെ മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയില്‍ ആയതിനാല്‍ രഞ്‌ജിതയെ വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ എത്തിയില്ല. തുടര്‍ന്നായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.