എഡിജിപി എം.ആര്‍ അജിത് കുമാറിനെയും പി ശശിയേയും വീണ്ടും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അൻവറിനെതിരെ രൂക്ഷ വിമർശനം
ആരോപണങ്ങളുടെ പേരില്‍ എം.ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനമാണ്. ശശി ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണത്തിൻ്റെ പേരിൽ ആരേയും മാറ്റി നിർത്താൻ കഴിയില്ലന്ന് അദ്ദേഹം പറഞ്ഞു.
പി വി അൻവർ എം എൽഎയുടെ നടപടികളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അൻവറിൻ്റേത് ഇടതു പശ്ചാത്തലം അല്ല. ശബ്ദരേഖ പുറത്ത് വിട്ട നടപടി ശരിയായില്ല. പാർട്ടി വൃത്തങ്ങളിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കേണ്ടത്.
അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പോലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആർഎസ്‌എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച തന്റെ ഇടനിലക്കാരമായി കണ്ടു എന്നതായിരുന്നു ആരോപണം. രാഷ്‌ട്രീയ ദൗത്യങ്ങള്‍ക്കായി പോലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കെ. കരുണാകരന്റെ കാലത്ത് ജയറാം പടിക്കലിനെ ബിജെപി നേതാക്കളുടെ അടുത്തേക്ക് അയച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പൂരം വിവാദത്തില്‍ പരിശോധന നടക്കുന്നു. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല, അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.