ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തെ മാറ്റിയെഴുതാനും തമസ്‌ക്കരിക്കാനുമുള്ള ശ്രമത്തെ തിരിച്ചറിയണം.
നാടിന്റെയും കാലത്തിന്റെയും ശരിയായ അറിവ് പുതിയതലമുറക്ക് പകർന്ന് നൽകണം.
മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യുസിയം ദിനാഘോഷത്തിന്റെ ആപ്തവാക്യം.
ഈ സന്ദേശം ജനങ്ങളിലേക്കെത്തിച്ച് ദിനാഘോഷത്തെ അർത്ഥപൂർണമാക്കാൻ നമുക്ക് കഴിയണം.
മ്യൂസിയങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
കഥ പറയുന്ന മ്യൂസിയം എന്നതാണ് ആധുനികകാല സങ്കൽപ്പം.
ബൗദ്ധികവും ചിന്താ പരവുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മ്യൂസിയങ്ങൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ആർട്ട് മ്യൂസിയത്തിൽ പരമ്പരാഗത അളവുതൂക്ക ഉപകരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും അപൂർവ്വമായ ലോഹ എണ്ണ വിളക്കുകളുടെയും പ്രത്യേക പ്രദർശനം, സെൽഫി പോയിന്റ്, ജ്ഞാനതെരുവിലെ പ്രദർശനം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ് അബു, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ.എസ് റീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ബിജു പി, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, പി.എസ് മഞ്ജുളാ ദേവി എന്നിവർ സംബന്ധിച്ചു.
വിദ്യാർഥികൾക്കായി സെമിനാർ, ക്വിസ് എന്നിവയും പരുന്താട്ടം, കുമ്മാട്ടിക്കളി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ അവതരണവും നടക്കും.
ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസി (ICOM) ന്റെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കുന്നു.