ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. എന്‍റെ സ്വന്തം അനുജനായിരുന്നു അവൻ. ഏതാണ്ട് അരനൂറ്റാണ്ടു കാലത്തെ ബന്ധമാണ് ജയചന്ദ്രനുമായി എനിക്കുള്ളത്.സഹോദര തുല്യൻ. ഞാൻ ജയൻ എന്നാണ് വിളിക്കുന്നത്. എന്നെക്കാൾ നാലു വയസിനു താഴെയാണെങ്കിലും ജയൻ എന്നെയും പേരാണ് വിളിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് മലയാള സിനിമാ വേദിയിൽ പ്രവേശിച്ചത്.സംഗീതത്തെ ഇത്രയും സ്നേഹിച്ച ഒരു പാട്ടുകാരൻ വേറെയുണ്ടാവില്ലെന്നും സംസാരിക്കാനാകാതെ വാക്കുകൾ മുറിയുകയാണെന്നും ശ്രീകുമാരൻ തമ്പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് പാട്ടുകാരെ എപ്പോഴും വാഴ്‌ത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ജയചന്ദ്രൻ. അദ്ദേഹം സംഗീതത്തെയാണ് സ്നേഹിച്ചിരുന്നത്. എല്ലാ ഭാഷകളിലുമുള്ള പാട്ടുകൾ കാണാതെ പഠിച്ചിട്ടുള്ള ഒരു ഗായകൻ വെറെയുണ്ടാകില്ല.