തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23 വരെ  നടക്കും.  പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് 17ന് വൈകിട്ട് 6 മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചടങ്ങിൽ അദ്ധ്യക്ഷനാകും. ജില്ലയിലെ എം പിമാർ, എം എൽ എമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി  വി ശിവൻകുട്ടി അറിയിച്ചു.

ഏപ്രിൽ 21ന് കാസർഗോഡ് നിന്നും ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ മേയ് 23ന് തിരുവനന്തപുരത്താണ് സമാപിക്കുക. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഭക്ഷ്യമേള, പ്രശസ്ത കലാകാരന്മാർ നയിക്കുന്ന കലാവിരുന്ന് എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ  എഴുപത്തി അയ്യായിരം ചതുരശ്ര അടിയിലാണ് പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ അമ്പത്തിനാലായിരം ചതുരശ്ര അടി പൂർണമായും ശീതികരിച്ച പവലിയനാണ്. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ആകെ ഇരുന്നൂറ്റി അമ്പത് സ്റ്റാളുകളാണുള്ളത്. ഇതിൽ 161 സർവീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യൽ സ്റ്റാളുകളുമാണ്. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് പുറമെ എം.എസ്.എം.ഇ.കൾക്കും  ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

വനം വകുപ്പിന്റെ വനശ്രീ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, വിവിധ ഭക്ഷ്യ വസ്തുക്കൾ, കയർ ഉത്പന്നങ്ങൾ, തേൻ, ആയുർവേദ ഉത്പന്നങ്ങൾ, വിവിധ തരം അച്ചാറുകൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി വിവിധതരം ഉല്പന്നങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അത്യുത്പാദന ശേഷിയുള്ള വൃക്ഷത്തൈകളും, വിത്തുകളും ചെടികളും, കാർഷികോപകരണങ്ങളും വാങ്ങാൻ കഴിയുന്ന തരത്തിൽ വിശാലമായ സൗകര്യമുണ്ട്. പുതിയ ആധാർ കാർഡിനുള്ള അപേക്ഷ, ആധാർ കാർഡിലെ പേര്, മൊബൈൽ നമ്പർ എന്നിവ തിരുത്തൽ,കുട്ടികൾക്കുള്ള ആധാർ രജിസ്ട്രേഷൻ, റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർക്കൽ, പുതുക്കൽ, ആരോഗ്യമേഖലയിലെ വിവിധ പരിശോധനകൾ തുടങ്ങിയവ മേളയിലെ സൗജന്യ സേവനങ്ങളാണ്.  വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും കേരളത്തിന്റെ വികസന ചരിത്രവും ഉൾപ്പെടുത്തിയ സ്റ്റാളുകൾ മേളയുടെ മറ്റൊരു ആകർഷണമാണ്.

രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര അടിയിൽ  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന തീം പവലിയനിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കും. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, സ്പോർട്സ്, കിഫ്ബി, കേരള ഫിലിം കോർപ്പറേഷന്റെ മിനിതിയേറ്റർ, സ്റ്റാർട്ടപ്പ് മിഷനുകൾക്കായി പ്രത്യേക ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മേളയിലെത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ബുക്കും ബാഗും വാങ്ങുന്നതിനായി സ്‌കൂൾ മാർക്കറ്റും മേളയിലുണ്ടാകും.

പുതിയ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സന്ദർശകരായ ജനങ്ങൾക്ക് ആകർഷകമായ രീതിയിലാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐ ടി, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, കെ ഫോൺ, കിഫ് ബി, പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, ജയിൽ, ടൂറിസം, മറ്റ് വിവിധ വകുപ്പുകൾ,മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സ്റ്റാളുകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയുടെയും പ്രധാന നേട്ടങ്ങൾ കണ്ടെത്തി അത് ജനങ്ങളിലുണ്ടാക്കിയ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. നൂതന ആശയ ആവിഷ്‌കാര രീതികളും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലൈവ് ഡെമോൺസ്ട്രേഷനും മേളയുടെ പ്രത്യേകതകളാണ്. ഇതുകൂടാതെ, പുസ്തകമേളയും ഉണ്ടാകും.

വിവിധയിനം വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകളാണ് ഇത്തവണ ഭക്ഷ്യമേളയിൽ എത്തിക്കുന്നത്. പ്രഭാത ഭക്ഷണം മുതൽ രാത്രി മേള അവസാനിക്കുന്നതു വരെ പൊതുജനങ്ങൾക്ക് ഭക്ഷണം കഴിക്കാനുള്ള അവസരം കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. വനസുന്ദരി ചിക്കൻ, കപ്പയും മീൻകറിയും, പാൽ കപ്പയും ബീഫ് റോസ്റ്റും, കപ്പ ബിരിയാണി, പിടിയും കോഴിക്കറിയും, സുന്ദരി പുട്ട്, മത്തൻ പായസം, മുളയരി പായസം, ഊര് കാപ്പി, മലബാർ വിഭവങ്ങൾ തുടങ്ങിയവ മേളയിലുണ്ടാകും. 
എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് മേയ് 17 മുതൽ 22 വരെ വിവിധ കലാപരിപാടികൾ നിശാഗന്ധിയിൽ അരങ്ങേറും. മേയ് 17 ശനിയാഴ്ച 6 മണിക്ക് ട്രിവാൻഡ്രം വോക്കൽസിന്റെ ഗാനമേള രവിശങ്കറും  ശ്രീറാമും നയിക്കും. രാത്രി 8 മണിക്ക് റെഡ് എഫ് എമ്മിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കും. മേയ് 18 ഞായറാഴ്ച  6 മണിക്ക്  അഖിലാ ആനന്ദും  സാംസൺ ആന്റ് ടീം നയിക്കുന്ന ഗാനമേളയും അന്നേദിവസം 8 മണിക്ക് ഇഷാൻ ദേവ് ആന്റ് ടീമിന്റെ മ്യൂസിക്കൽ പരിപാടിയും അരങ്ങേറും.മേയ് 19 തിങ്കളാഴ്ച 6 മണിക്ക്  ശൈലജ പി അംബു അവതരിപ്പിക്കുന്ന കലാപരിപാടികളും 8 മണിക്ക് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതിരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമും നടക്കും. മേയ് 20 ചൊവ്വാഴ്ച 6 മണിക്ക് ഡാൻസ് മെഗാഷോയും 8 മണിക്ക്  അതുൽ നറുകര അവതരിപ്പിക്കുന്ന ഫോക് ഗ്രാഫർ ഷോയും അരങ്ങേറും. മേയ് 21 ബുധനാഴ്ച 6 മണിക്ക് ശ്രീലക്ഷ്മി തൃശ്ശൂർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമും 8 മണിക്ക് ജീവൻ ടി.വി. യുടെ നേതൃത്വത്തിൽ മെഗാഷോയും നടക്കും. മേയ് 22 വ്യാഴാഴ്ച കൈരളി ടി. വി അവതരിപ്പിക്കുന്ന കലാസന്ധ്യക്ക് ഗയകൻ ബിജു നാരായണൻ നേതൃത്വം നൽകും.

എന്റെ കേരളം  പ്രദർശന വിപണന മേളയുടെ ഭാഗമായി മാധ്യമങ്ങൾക്ക് ഇക്കൊല്ലവും അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേളയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കും മികച്ച ഫോട്ടോഗ്രാഫർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് ഓൺലൈൻ, റേഡിയോ വിഭാഗങ്ങൾക്കും പുരസ്‌കാരം നൽകും. ഇതിന് പുറമെ പി.ആർ.ഡിയുടെ നേതൃത്വത്തിൽ കനകക്കുന്നിൽ മീഡിയ സെന്ററും സജ്ജീകരിച്ചതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മേയ് 23 ന് രാവിലെ 10.30 മുതൽ 12.30 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ജില്ലാതല യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അഞ്ഞൂറ് വ്യക്തികൾ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം പേർക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...