ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ‘നാങ്ക വോട്ട് കാമ്പയ്ന്‍’ സംഘടിപ്പിച്ചു.
കാമ്പയ്ന്‍ ഇടമലക്കുടിയല്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ‘നാങ്ക വോട്ട്’ ക്മ്പയ്ന്റെ ലക്ഷ്യം.
ഊരിലെ മുഴുവന്‍ ആളുകളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ ഊരു മൂപ്പന്‍മാരുടെ കോണ്‍ക്ളേവും ജില്ലാ കളക്ടര്‍ ഇടമലക്കുടിയില്‍ വിളിച്ചു ചേര്‍ത്തു.
എല്ലാ താലൂക്കിലും ഇത്തരത്തില്‍ മൂപ്പന്‍മാരുടെ കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കാനും തിരഞ്ഞെടുപ്പില്‍ ഊരുകളിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
തങ്ങളുടെ ഊരുകളിലെ 18 വയസ്സു തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവരില്‍ 100 ശതമാനം വോട്ടിംഗ് ഉറപ്പു വരുത്തുകയും ചെയ്യുന്ന മൂപ്പന്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ പ്രത്യേക സമ്മാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനയും വോട്ടിംഗ് യന്ത്രവും വോട്ടു ചെയ്യുന്ന രീതിയും പരിചയപ്പെടുത്താനായി മുതിര്‍ന്നവര്‍ക്ക് മോക് പോളും സംഘടിപ്പിച്ചിരുന്നു.
ആവേശത്തോടെ മോക് പോളില്‍ പങ്കെടുത്ത കുടി നിവാസികള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്.