ആധുനിക സൗകര്യങ്ങളോടു കൂടി ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്‍റെ ടിക്കറ്റിന് വന്‍ തിരക്ക്.
ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്‍റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.
1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം.
മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്.
തിരുവനന്തപുരം കോഴിക്കോട് സര്‍വീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്.
എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.
2023 നവംബറിലായിരുന്നു വാർത്തകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നവകേരള ബസിന്‍റെ പിറവി. നവകേരളാ യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസാണിത്.
ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്.
പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്.
അന്നത്തെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി സർക്കാർ അനുവദിച്ചത്.