ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ സംസ്‌കാരം ഇന്ന് 3നു ശേഷം മലയാലപ്പുഴ താഴം കാരുവള്ളിൽ വീട്ടുവളപ്പിൽ നടക്കും.
മൃതദേഹം രാവിലെ 10 മുതൽ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കും.
ഇന്നലെ ഉച്ചയ്ക്കാണു മൃതദേഹം കണ്ണൂരിൽനിന്നു പത്തനംതിട്ടയിലെത്തിച്ചത്. കണ്ണൂർ കലക്‌ടർ അരുൺ കെ.വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജ് തുടങ്ങിയവർ അനുഗമിച്ചു.
അതേ സമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടർന്നു ജീവനൊടുക്കിയ എഡിഎം നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കി.
നവീൻ ബാബുവിനെതിരെ സംരംഭകൻ ടി.വി.പ്രശാന്തൻ നൽകിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിജിലൻസിനും ലഭിച്ചിട്ടില്ല. ഇതോടെ, പരാതി നൽകിയിരുന്നെന്ന വാദം കെട്ടിച്ചമച്ചതാണെന്ന സൂചന ശക്തമായി.