മാംസഭുക്കുകളായ മൃഗങ്ങളെപ്പോലെ മാംസഭുക്കുകളായ ചെടികളുമുണ്ടോ ?
ഉണ്ട്.
ചില ചെടികള്‍ ചെറിയ പ്രാണികളെയും പല്ലികളെയും ചിലന്തികളെയും ഭക്ഷിക്കുന്നു.
പോഷകാംശമില്ലാത്ത മണ്ണില്‍ വളരുന്ന ചെടികളാണ് മാംസഭുക്കുകളായി മാറുന്നത്.
നൈട്രജന്‍റെ അംശം വേണ്ടത്രയില്ലാത്ത മണ്ണില്‍ വളരുന്ന ചെടികള്‍ ആ കുറവ് പരിഹരിക്കാനാണ് വളരെ സൂത്രത്തില്‍ ചെറുപ്രാണികളെ പിടികൂടി ഭക്ഷിക്കുന്നത്.
നെപ്പന്തസ്, ഡ്രോസിറ, യുട്രികുലേറിയ, ഡയോണിയ തുടങ്ങിയ ഇനം ചെടികള്‍ മാംസഭോജികളാണ്.
പ്രാണികളെ പിടിക്കാനുള്ള ഇവയുടെ വിദ്യകള്‍ പറഞ്ഞുതരാം. ഓരോ ചെടികള്‍ക്കും ഓരോ സൂത്രപ്പണികളുണ്ട്.
നെപ്പന്തസ് ചെടിയുടെ ഇലയുടെ അഗ്രം മനോഹരമായ ഒരു പാത്രം പോലെയാണ്.
ഇതിനകത്ത് വഴുവഴുപ്പുള്ള ഒരു ദ്രാവകമുണ്ടായിരിക്കും. ഇലയുടെ നിറവും മനോഹാരിതയും കണ്ട് ആകൃഷ്ടരാകുന്ന പ്രാണികള്‍ ഇലയില്‍ വന്നിരിക്കുന്നു.
ഉടനെ തന്നെ കാല്‍ വഴുതി ഇലയ്ക്കുള്ളിലേക്ക് വീഴുന്നു. പിന്നീട് എത്ര ശ്രമിച്ചാലും പ്രാണിക്ക് രക്ഷപ്പെടാനാവില്ല.
അത് ആ ദ്രാവകത്തില്‍ കിടന്ന് ദഹിച്ച് ചെടിക്ക് ഭക്ഷണമാകുന്നു.
ഡ്രോസിറ എന്ന ചെടിയുടെ ഇലകളിലുള്ള ഗ്രന്ഥികള്‍ ഒരു പ്രത്യേകതരം ദ്രാവകം പുറത്തുവിടുന്നു.
സൂര്യപ്രകാശത്തില്‍ ഈ ദ്രാവകം മഞ്ഞുതുള്ളികളെപ്പോലെ തോന്നിക്കുന്നു.
പ്രാണികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ദ്രാവകത്തില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു.
പ്രാണിയുടെ ശരീരത്തിലെ നൈട്രജന്‍ ചെടി വലിച്ചെടുക്കുകയും ചെയ്യും.
വെള്ളത്തില്‍ വളരുന്ന യുട്രിക്കുലേറ എന്ന ചെടി മറ്റൊരു സൂത്രമാണ് പ്രയോഗിക്കുന്നത്.
ഇതിന്‍റെ ഇലയോട് ചേര്‍ന്ന് ഒരു സഞ്ചി കാണപ്പെടുന്നു.
സഞ്ചിയുടെ തുറന്ന അഗ്രത്തിലൂടെ അകത്തുകയറുന്ന വെള്ളത്തിലൂടെ സഞ്ചിയ്ക്കകത്ത് പ്രാണികള്‍ കയറിക്കഴിഞ്ഞാല്‍ സഞ്ചിയുടെ അഗ്രം അടയുന്നു.