പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പുതിയ ലബോറട്ടറിയുടെയും പൂര്‍ണ്ണമായും സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരോഗ്യ, വനിത -ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. മേയര്‍ എം അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കെ ബാബു എംഎല്‍എയും നിര്‍വഹിക്കും. യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം ശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. യോഗത്തില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ആരോഗ്യകേന്ദ്രങ്ങളില്‍ ഒന്നാണ് പള്ളുരുത്തി താലൂക്ക് ആശുപത്രി. സാധാരണക്കാര്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് യൂണിറ്റിനു കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കിയിരുന്നു. എം സ്വരാജ് എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും എണ്‍പത്തിയഞ്ചു ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരുകോടി രൂപയും ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യ വികസനത്തിനും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനും ഫിസിയോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കൂടാതെ കൊച്ചി നഗരസഭയുടെ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ടില്‍ നിന്നും ഇരുപതുലക്ഷം രൂപയും ചെലവഴിച്ചിരുന്നു. എന്നാല്‍ ഡയാലിസിസ് കൗച്ചുകള്‍, ജനറേറ്റര്‍, യുപിഎസ് മറ്റ് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ അടക്കമുള്ള സംവിധാനം കൂടി ഡയാലിസിസ് സെന്ററിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് ആവശ്യമായിരുന്നു. പിന്നീട് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) അനുവദിച്ച സാമൂഹിക പ്രതിബദ്ധത ഫണ്ടായ ഒരു കോടി രൂപ കൂടി ഉപയോഗപ്പെടുത്തിയാണ് ഡയാലിസിസ് സെന്റര്‍ പൂര്‍ണ പ്രവര്‍ത്തനത്തിന് സജ്ജമാക്കിയത്. പദ്ധതിയുടെ ഭാഗമായി ഏറ്റവും ആധുനിക രീതിയിലുള്ള ലാബ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍, സി സി ടി.വി അടങ്ങിയ ഐടി അടിസ്ഥാന സൗകര്യം, രോഗികള്‍ക്കും സ്റ്റാഫിനും വേണ്ടിയുള്ള നവീകരിച്ച ടോയ്‌ലറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടെന്നു മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.