അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍. ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്‌ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. സമയം നഷ്ടപ്പെടുത്താതെ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന അതി സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് യുവാവിനെ കുത്തേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷന്‍ തീയറ്ററില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.