വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പ് നവവധു ഭർതൃവീട്ടിൽ ക്രൂരമർദ്ദനത്തിനിരയായി.
കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം.
മൊബൈൽ ചാർജ്ജറിൻ്റെ വയർ കഴുത്തിൽ മുറുക്കി ഉൾപ്പെടെ ക്രൂരമായ മർദ്ദനമാണ് യുവതിക്ക് നേരെ നടന്നതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശിക്ക് നേരെ പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി യുവാവും എറണാകുളം പറവൂർ സ്വദേശിനി യുവതിയും തമ്മിൽ ഗുരുവായൂരിൽ വെച്ച് വിവാഹിതരായത്.
തുടർന്ന് 12 ന് വധുവിന്റെ ബന്ധുക്കൾ വിവാഹ സൽക്കാരത്തിന്റെ ഭാഗമായുള്ള അടുക്കള കാണൽ ചടങ്ങിന് യുവാവിൻ്റെ വീട്ടിൽ എത്തിയതായിരുന്നു.
അതിനിടെയാണ് ബന്ധുക്കൾ വധുവിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
വിവാഹത്തിനുമുൻപ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ വിവാഹം കഴിഞ്ഞ ശേഷം മദ്യപിച്ചെത്തി തന്നെ ക്രൂരമായി മർദ്ദിക്കാറുള്ളതായും തന്റെ ഫോണിൽ ഉള്ള പരിചയക്കാരായ പുരുഷന്മാരുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാറുള്ളതായും നവവധു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
യുവതി തൻ്റെ വീട്ടുകാരുടെ സഹായത്തോടെയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നിർദ്ദേശപ്രകാരം യുവതി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഗുരുതര പരിക്കുകൾ ഉള്ളതിനാൽ ഇപ്പോൾ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.