യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.