മലപ്പുറം ജില്ലയിലെ നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ രോഗ ലക്ഷങ്ങളുള്ള ആറു പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കൽ കോളെജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം ജില്ലക്കാരിയായ സ്റ്റാഫ് നേഴ്സും ഐസൊലേഷനിലാണ്. ഇവരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരടക്കം 45 പേർ ഹൈറിസ്ക് വിഭാഗത്തിലാണുള്ളത്. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൂന്നുപേർ, വളാഞ്ചേരിയിലെ ഡോക്ടറുടെ ക്ലിനിക്കിൽ ഒരാൾ, പെരിന്തൽമണ്ണ ആശുപത്രിയിൽ 25 പേർ, രണ്ട് ലാബുകളിലായി രണ്ട് പേർ, ഒരു മെഡിക്കൽസിൽ രണ്ട് പേർ എന്നിങ്ങനെ ആകെ 45 പേരാണ് ഹൈറിസ് പട്ടികയിലുള്ളത്. ലോ റിസ്ക് വിഭാഗത്തിൽ നാല് പേരും നിരീക്ഷണത്തിലുണ്ട്. ആരോഗ്യവകുപ്പിനോട് വിവരങ്ങൾ പങ്കുവെക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമം, പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം ജില്ലാ കളക്ടർ, ഡിഎംഒ എന്നിവർ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശങ്ങൾ നൽകി.രോഗിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ മന്ത്രി നിർദേശം നൽകി. നിപ സ്ഥിരീകരിച്ചതിൻ്റ തൊട്ടടുത്ത വീട്ടിൽ ചത്ത പൂച്ചയെ പൊസ്റ്റ്മോർട്ടത്തിന് ശേഷം സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് നിപ ആന്റിബോഡി ഉണ്ടോ എന്ന് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമലതപ്പെടുത്തി.
രോഗനിയന്ത്രണ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആൾ കൂട്ടുന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. രോഗി ഏപ്രിൽ 25 ന് ശേഷം യാത്ര ചെയ്തയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കും.
ജില്ലയിൽ കോട്ടക്കുന്നിൽ നടന്നു വരുന്ന സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പരിപാടി കർശനമായ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനകം തുടങ്ങിയ പരിപാടി ആയതു കൊണ്ടാണ് തുടരുന്നത്. അതേ സമയം മെയ് 12 ന് നടത്തേണ്ട മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി, 10 ന് കായിക മന്ത്രിയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ഉൾപ്പെടെ സർക്കാറിൻ്റെ പൊതുപരിപാടികൾ എല്ലാം മാറ്റിയിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചയിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോർജ് കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം എൽ.എ മാരായ പി ഉബൈദുള്ള, അബ്ദുൽ ഹമീദ് മാസ്റ്റർ, നജീബ് കാന്തപുരം, കെപിഎ മജീദ് എന്നിവർ നേരിട്ടും ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, യുഎ ലത്തീഫ് തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ വി ആർ വിനോദ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഡി എം ഒ ഡോ.ആർ രേണുക തുടങ്ങിയവരും വളാഞ്ചേരി നഗരസഭ ചെയർമാൻ, ബന്ധപ്പെട്ട പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.