കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം ഉണ്ടയില്ലാ വെടി: കെ സുധാകരന്‍ എംപി

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്. പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. അതിന്റെ പ്രയോജനം മുഖ്യമന്ത്രിക്കും കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും ഈ ഡീലിന്റെ ഭാഗമാണ്. കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ്. 2021 ല്‍ ബിജെപി 41.4 കോടിയോളം കേരളത്തിലെത്തിച്ചെന്നാണ് കേരള പോലീസ് കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ് ഇത്രയും വലിയ തുക കൊണ്ടുവന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതേയില്ല. സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഒക്കച്ചങ്ങാതിമാരായ കേസു കൂടിയാണിത്. സംസ്ഥാന പോലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നത്. സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ഈ കേസില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിര്‍ജ്ജീവമായത്. പ്രത്യക്ഷത്തില്‍ കള്ളപ്പണയിടപാട് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും ഇഡി കേസെടുക്കാത്തതും അതിനെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതും സിപിഎമ്മിന്റെയും ബിജെപിയുടെയും ഡീലിന്റെ ഭാഗമായാണ്.ഇരുകൂട്ടരും കൂടി കൊട്ടിയടച്ച കേസാണ് ബിജെപി മുന്‍ ജീവനക്കാരന്റെ തുറന്നുപറച്ചിലിലൂടെ വീണ്ടും തുറന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അതു തെളിയിക്കാനുള്ള അവസരമാണിത്. നേരത്തെ സുരേന്ദ്രനെ സാക്ഷിയാക്കിയപ്പോള്‍, പ്രതിയാകാന്‍ അധികം ദൂരമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാനുള്ള അവസരം കൂടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു. ബിജെപിയെ ആരാണ് ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതെന്ന് മനസിലാക്കാന്‍ കൊടകര കുഴല്‍പ്പണ കേസ് മാത്രം മതി. അതേക്കുറിച്ച് മരുമകന്‍ മന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് സുധാകരന്‍ ചോദിച്ചു. ബിജെപിയെ കൊടര കുഴല്‍പ്പണ കേസില്‍ സഹായിച്ചത് തെറ്റല്ലെയെന്ന് ആഭ്യന്തം കയ്യാളുന്ന അമ്മായിയപ്പനോട് ചോദിക്കാന്‍ മരുമകന്‍ മന്ത്രി തയ്യാറാണോ? ആദ്യകേസ് അട്ടിമറിച്ചതെന്തിനാണെന്ന് മരുമകന്‍ വ്യക്തമാക്കാമോ? എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിപക്ഷം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെടാത്തത് സിപിഎമ്മിനെ രക്ഷിക്കാന്‍ ബിജെപി ഇടപെടുമെന്നു ബോധ്യം ഉള്ളതിനാലാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ പ്രതികളാകുന്ന കേസുകളില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഒളിച്ചുകളിക്കുകയാണ്. ഇത്തരം കേസുകള്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാര ശക്തിപ്പെടുത്താനുള്ള ഉപാധികളായിട്ടാണ് കാണുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയ കേസിന്റെ ഭാവിയെന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളുവെന്നും കെ.സുധാകരന്‍ പറഞ്ഞു

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...