സ്കൂള്‍ വിദ്യാർത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണത്തിൽ രസവും അച്ചാറും ഇനി ഉണ്ടാവില്ല.ഇത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ദിവസവും കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം.
പച്ചക്കറിയും പയർ വർഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം. കൂടാതെ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്താം. കറികളില്‍ വൈവിധ്യം ഉറപ്പാക്കണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം. ഇതിനായുള്ള സാംപിള്‍ മെനുവും ഉത്തരവിനൊപ്പം നല്‍കിയിട്ടുണ്ട്
തിങ്കള്‍: ചോറ്, അവിയല്‍, പരിപ്പുകറി
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേരി
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്പാർ
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി
വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, പർപ്പിള്‍ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ് ചീര വർഗ്ഗം, പടവലം, മത്തൻ വിഭവങ്ങള്‍, പപ്പായ, കത്തിരിക്ക, തക്കാളി, റാഡിഷ് അടക്കമുള്ള പച്ചക്കറികളും ഉപയോഗിക്കാമെന്നാണ് ഉത്തരവ് വിശദമാക്കുന്നത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താല്‍പര്യം കണക്കിലെടുത്തും മത്സ്യം/ മാംസം എന്നിവ മെനുവില്‍ ഉള്‍പ്പെടുത്താം.
എന്നാല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നല്‍കാൻ എന്നും ഉത്തരവ് വിശദമാക്കുന്നു. മെറ്റീരിയല്‍ കോസ്റ്റ് പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തില്‍ പുതുക്കി നിശ്ചയിച്ചതായും ഉത്തരവ് വിശദമാക്കുന്നു. യഥാക്രമം 6 രൂപ, 8.17 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളേയും നിയമിക്കാവുന്നതാണ്.