കോട്ടയത്തെ സർക്കാർ നഴ്സിങ് കോളേജില്‍ നടന്ന റാഗിങ്ങിലെ കുറ്റപത്രം അന്വേഷണസംഘം ഇന്ന് ഏറ്റുമാനൂർ കോടതിയില്‍ സമർപ്പിക്കും.കോളേജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്നാണ് കുറ്റപത്രം. നവംബർ മുതല്‍ നാല് മാസം ജൂനിയർ വിദ്യാർത്ഥികളായ ആറുപേരെ പ്രതികള്‍ തുടർച്ചയായി ഉപദ്രവിച്ചു. കുട്ടികള്‍ വേദന കൊണ്ട് കരഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയും ആസ്വദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കല്‍ മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർത്ഥികളില്‍ നിന്നാണ്. റാഗിങ്ങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം വർഷ വിദ്യാർഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍.
ബർത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിനാണ് ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്ബസ് ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ചതും ക്രൂരമായി മർദിച്ചതുമെന്നാണ് പ്രതികളുടെ മൊഴി.ജൂനിയർ വിദ്യാർത്ഥികളെ പ്രതികള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.