പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങികൊടുക്കുക മാത്രമല്ല മറിച്ച് എല്ലാ മേഖലയിലും സമഗ്രമ പരിശീലനമാണ് എന്‍ലൈറ്റ് തൃത്താല പദ്ധതി ലക്ഷ്യമിടുന്നതെന്നും തദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്റരികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
തൃത്താല മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ കുട്ടികളെയും 100 ശതമാനം റിസള്‍ട്ട് നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന പരിപാടി വാവന്നൂര്‍ ഗാമിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നീന്തല്‍ പരിശീലനം, സൈക്ലിങ്, കരിയര്‍ ഗൈഡന്‍സ്, ഉപരിപഠന സഹായം, രക്ഷിതാക്കള്‍ക്ക് പരിശീലനം തുടങ്ങിയവ പദ്ധതിക്ക് കീഴിലുണ്ട്. തൃത്താല മണ്ഡലത്തിലെ 15 വിദ്യാലയങ്ങളില്‍ 12 വിദ്യാലയങ്ങളും 100 ശതമാനം വിജയം നേടി. തൃത്താല ഗ്രാമത്തിന്റെ ഭൗതിക പുരോഗതിക്കൊപ്പം വിദ്യാഭ്യാസ പുരോഗതികൂടിയാണ് എന്‍ലൈറ്റ് തൃത്താല പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി. അമേരിക്കയിലെ ക്ലംസന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടനയായ ക്രേപ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണുമായ ഡോ.ശ്രുതി കുട്ടികളെ അഭിസംബോധന ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന അധ്യക്ഷയായി. എന്‍ലൈറ്റ് കോര്‍ഡിനേറ്റര്‍ ഡോ.കെ.രാമചന്ദ്രന്‍, എന്‍ലൈറ്റ് തൃത്താല പദ്ധതി നിര്‍വാഹക സമിതി അംഗം കെ.സി.അലി ഇഖ്ബാല്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.