ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വെയ്പ്. തൂശനില തന്നെ വേണം ഓണസദ്യക്ക്. തിരുവോണദിനത്തില്‍ കുളിച്ച് കുറിതൊട്ട് ഓണ പ്പുടവയുടുത്ത് കുടുംബാംഗങ്ങളൊന്നിച്ച് ഓണസദ്യയുണ്ണുന്നു. ഇലയില്‍ പ്രത്യേക സ്ഥലത്താണ് ഓരോ വിഭവങ്ങളും വിളമ്പേണ്ടത്. ഉപ്പേരി, ശര്‍ക്കരപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്, അച്ചാര്‍, കിച്ചടി, പച്ചടി, പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, കാളന്‍, ഓലന്‍, തോരന്‍, എരിശ്ശേരി, കൂട്ടുകറി, പായസം, പഴം, പപ്പടം തുടങ്ങി വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യയ്ക്ക് വിഭവങ്ങളേറെ. ആദ്യം ചോറില്‍ പരിപ്പൊഴിച്ച് നെയ് ചേര്‍ത്ത് പപ്പടം പൊടിച്ചുചേര്‍ത്ത് കഴിക്കണം. പിന്നെ സാമ്പാര്‍, പുളിശ്ശേരി, അതുകഴിഞ്ഞാല്‍ രസം. ഓരോന്നായി ഒഴിച്ച് ചോറുണ്ണണം. ഒടുവില്‍ പായസം കഴിച്ചുകഴിഞ്ഞാല്‍ ഇലയില്‍ ബാക്കിയുണ്ടാകുന്ന കുറച്ചു ചോറില്‍ മോര് ഒഴിച്ച് കഴിച്ചശേഷം ഒരു പഴം കൂടി അകത്താക്കി ഒരു ഏമ്പക്കവും വിട്ട് എഴുന്നേല്‍ക്കാം.
പണ്ടൊക്കെ വര്‍ഷത്തിലൊരിക്കല്‍ തിരുവോണദിവസമായിരുന്നു പപ്പടവും കായ വറുത്ത ഉപ്പേരിയും കൂട്ടി സദ്യയുണ്ണാനുള്ള അവസരം മലയാളിക്കുണ്ടായിരുന്നത്. കുട്ടനാട്ടില്‍ ഉത്രാടം മുതല്‍ ഏഴു ദിവസത്തേക്ക് സദ്യയുണ്ടായിരുന്നു. കടുമാങ്ങ, നാരങ്ങ, പുളിയിഞ്ചി, ഇഞ്ചിത്തൈര് തുടങ്ങി നാലു തരം ഉപ്പിലിട്ടതും പഴംനുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, ഓലന്‍, തോരന്‍, കാളന്‍, എരിശ്ശേരി, സാമ്പാര്‍, അവിയല്‍ തുടങ്ങിയവയുമായിരുന്നു പ്രധാന വിഭവങ്ങള്‍.
ഓണസദ്യയിലെ വിഭവങ്ങള്‍ രുചി കൊണ്ടു മാത്രമല്ല പോഷകഗുണം കൊണ്ടും വേറിട്ടുനില്‍ക്കുന്ന അനുഭവം മലയാളികളായ നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല. പുളി, ഉപ്പ്, കയ്പ്, എരിവ്, മധുരം തുടങ്ങി എല്ലാ രുചിക്കൂട്ടും സദ്യയിലുണ്ട്. സദ്യയുടെ തുടക്കത്തില്‍തന്നെ വിശപ്പുണ്ടാക്കുന്ന സ്റ്റാര്‍ട്ടര്‍ ആയി വര്‍ത്തിക്കുന്നത് പരിപ്പും നെയ്യുമാണ്. പരിപ്പില്‍ നിന്നും ശരീരത്തിനു വേണ്ട കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നു. ചുവന്നരിയില്‍ നിന്നും ബികോംപ്ലക്സ് കിട്ടുന്നു. സാമ്പാറിലുള്ള പച്ചക്കറിയില്‍ വിറ്റാമിനുകളടങ്ങിയിരിക്കുന്നു. പച്ചക്കറിയും തേങ്ങ അരച്ചതും ചേര്‍ത്ത അവിയലില്‍ ഫൈബറും പ്രോട്ടീനുമുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. രസം, മോര്, ജീരകവെള്ളം എന്നിവയും ദഹനത്തെ മെച്ചപ്പെടുത്തുന്നു. കാളനും പച്ചടിയും വയറിനെ തണുപ്പിക്കുന്നു. പപ്പടവും അച്ചാറും ശരീരത്തിനു വേണ്ട സോഡിയം നല്‍കുന്നു. ആവശ്യമുള്ള മധുരമേകാന്‍ പായസവുമുണ്ട്. കൂട്ടുകറി, എരുശ്ശേരി, കിച്ചടി, പച്ചടി തുടങ്ങിയവയും പോഷകസമ്പുഷ്ടം തന്നെ!