മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി.കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു.