നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തി എന്നാരോപിച്ച് തിരുവല്ല നഗരസഭ ചെയർപേഴ്സനെ പ്രതിപക്ഷ അംഗങ്ങള്‍ ചേർന്ന് കൗണ്‍സില്‍ ഹാളിലെ ചേമ്പറില്‍ ഉപരോധിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കൗണ്‍സില്‍ യോഗത്തിന് ഇടെയാണ് പ്രതിപക്ഷ കക്ഷികളായ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ ചേർന്ന് ചെയർപേഴ്സണ്‍ അനു ജോർജിനെ ചേമ്പറില്‍ ഉപരോധിച്ചത്.
കഴിഞ്ഞമാസം നാലാം തീയതി നടന്ന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചു എന്നും മിനിട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ച് ഈ മാസം മൂന്നാം തീയതി നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
കഴിഞ്ഞമാസം നാലാം തീയതി നടന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പലതും ഇക്കഴിഞ്ഞ മൂന്നിന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്ത മിനുട്ട്സില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇവയില്‍ ചിലത് ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് അനു ജോർജ് ചെയർപേഴ്സണ്‍ ആയ കാലം മുതലുള്ള മിനിട്ട്സുകള്‍ വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മൂന്നാം തീയതി നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യം ഉയർത്തിയിരുന്നു.
ഇവയെല്ലാം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ മിനുട്ട്സില്‍ വരുത്തിയ തിരുത്തലുകള്‍ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുവാൻ ചെയർപേഴ്സണ്‍ തയ്യാറാവാതെ വന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചെയർപേഴ്സനെ ചേമ്ബറില്‍ ഉപരോധിച്ചത്.
ഉപരോധം മുക്കാല്‍ മണിക്കൂറോളം നേരം നീണ്ടുനിന്നു.
മിനുട്ട്സില്‍ തിരുത്തല്‍ വരുത്തുവാൻ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട് ചെയർപേഴ്സണ്‍ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
അതേസമയം ട്രഷറിയ്ക്ക് ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ആണ് ഇന്ന് അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേർത്തതെന്നും മറ്റ് വിഷയങ്ങള്‍ അടുത്ത കൗണ്‍സില്‍ ചർച്ച ചെയ്യാമെന്നും പറഞ്ഞതായും പ്രതിപക്ഷ അംഗങ്ങള്‍ ഇത് അംഗീകരിക്കുവാൻ തയ്യാറാവാത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു എന്നും ചെയർപേഴ്സണ്‍ അനു ജോർജ് പ്രതികരിച്ചു.