വയനാട്ടിൽ പ്രകൃതി ദുരന്തത്തിന് ഇരയായവർക്കുള്ള അഞ്ചുകോടി രൂപയുടെ ധനസഹായ പാക്കേജിന് ഇന്നലെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൂടിയ സഭാ മാനേജ് കമ്മിറ്റി അംഗീകാരം നൽകി.
കൂടുതൽ ഭവന ദാനത്തിന് ആളുകൾ എത്തുന്ന പക്ഷം മറ്റ് പദ്ധതികൾക്കായും ഈ തുക വിനിയോഗിക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു.
സക്കറിയ മാർ അപ്രേം മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. ദിവംഗതനായ സഭ ഗുരുരത്നം ഫാ. ഡോ. ടി ജെ ജോഷ്വാ , മാനേജിംഗ് കമ്മിറ്റി അംഗം ഫാ. ജി.കൊശി, മുൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. എബ്രഹാം തോമസ്, സി വി കുര്യാക്കോസ് കോറപ്പിസ്കോപ്പ, ശ്രീ സാം ചെറിയാൻ എന്നിവരുടെ ദേഹവിയോഗത്തിലും കുവൈറ്റിൽ വച്ചുണ്ടായ തീപിടുത്തത്തിൽ സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വിയോഗത്തിലും 56 വർഷം മുമ്പ് മരണപ്പെട്ട സഭാംഗമായ ധീര ജവാൻ ശ്രീ തോമസ് ചെറിയാന്റെ വീര മൃത്യുവിലും, വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും ജർമ്മനിയിൽ കൊല്ലപ്പെട്ട ആദം ജോസഫിന്റെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തു .
2023 – 2024 സാമുദായ വരവ് ചെലവുകളുടെ കണക്കുകൾ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിർമ്മിക്കുന്ന പി ആർ സെന്ററിന്റെയും, കോട്ടയം പരത്തും പാറയിൽ ആരംഭിച്ച ആയുർവേദ ആശുപത്രിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. 2024 25 വർഷത്തേക്കുള്ള ഓഡിറ്റർമാരായി വർഗീസ് പോളിനെയും സാജു സി കുരുവിളയെയും തെരഞ്ഞെടുത്തു. കാനഡ, ഏഷ്യാ പസഫിക് എന്ന പേരിൽ പുതിയ രണ്ട് ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതിനുള്ള ശുപാർശ യോഗം അംഗീകരിച്ചു. വെദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അൽമായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു