അന്തരീക്ഷത്തിലെ ഓസോണിന് ഹാനികരമായ വാതകങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നുവെന്ന് കണ്ടെത്തൽ.
അന്തരീക്ഷത്തിലെ ദോഷകരമായ വാതകങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നുവെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഓസോൺ പാളി സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ വലിയ ആഗോള വിജയമാണ് എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
1987-ൽ ഒപ്പുവച്ച മോൺട്രിയൽ പ്രോട്ടോക്കോൾ പ്രധാനമായും റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്, എയറോസോൾ സ്പ്രേകൾ എന്നിവയിൽ കാണപ്പെടുന്ന ഓസോണിനെ നശിപ്പിക്കുന്ന പദാർത്ഥങ്ങളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടു.
ഓസോൺ പാളിയിലെ ദ്വാരങ്ങൾക്ക് കാരണമാകുന്ന ഹാനികരമായ വാതകങ്ങളായ ഹൈഡ്രോക്ലോറോ ഫ്ലൂറോകാർബണുകളുടെ (എച്ച്സിഎഫ്സി) അന്തരീക്ഷ അളവ് 2021-ൽ ഉയർന്നതായി ഒരു പുതിയ പഠനം കണ്ടെത്തിയിരുന്നു.
“ഇത് ഒരു വലിയ ആഗോള വിജയമാണ്. കാര്യങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഞങ്ങൾ കാണുന്നു,” യുകെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ലൂക്ക് വെസ്റ്റേൺ പറഞ്ഞു.
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ തലങ്ങളിൽ നിന്ന് ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്ന കവചമാണഅ ഓസോൺ പാളി.
ഈ പാളിയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും ദോഷകരമായ CFC-കൾ (ക്ലോറോ ഫ്ലൂറോകാർബണുകൾ) 2010-ഓടെ ഘട്ടംഘട്ടമായി നിർത്തലാക്കപ്പെട്ടു.
HCFC രാസവസ്തുക്കൾ 2040-ഓടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നു.
നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
അഡ്വാൻസ്ഡ് ഗ്ലോബൽ അറ്റ്മോസ്ഫെറിക് ഗെയ്സ് എക്സ്പെരിമെൻ്റ്, യുഎസ് നാഷണൽ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്.
CFC-കളും HCFC-കളും ശക്തമായ ഹരിതഗൃഹ വാതകങ്ങളാണ്, അതായത് അവയെ ഇല്ലായ്മ ചെയ്യൽ ആഗോളതാപനത്തിന് എതിരായ പോരാട്ടത്തിലും സഹായിക്കുന്നു.
സിഎഫ്സികൾക്ക് അന്തരീക്ഷത്തിൽ നൂറുകണക്കിന് വർഷങ്ങളോളം നിലനിൽക്കാൻ കഴിയും.
അതേസമയം എച്ച്സിഎഫ്സികൾക്ക് ഏകദേശം രണ്ട് പതിറ്റാണ്ടോളം ആയുസ്സുണ്ട്.
ഈ ഉൽപ്പന്നങ്ങളുടെ മുൻകാല ഉപയോഗം അവ അന്തരീക്ഷത്തിൽ നിലനിൽക്കും വരെ വരും വർഷങ്ങളിൽ ഓസോണിനെ ബാധിക്കും.
1980 കളിലാണ് ഒസോൺ പാളികളിൽ ആദ്യമായി വിള്ളൽ കണ്ടെത്തിയത്.
ഓസോൺ പാളി അതിനു മുമ്പുള്ള സാധാരണ നിലയിലേക്ക് എത്താൻ നാല് പതിറ്റാണ്ടുകൾ എടുക്കുമെന്ന് 2023 ലെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം കണക്കാക്കിയിരുന്നു.